വീണാ രാജൻ
ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ആട്ടവും കാതലും. ദേശീയപുരസ്‌കാര വേദിയിൽ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം അതിശയിപ്പിക്കുകയായിരുന്നു. മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ആട്ടത്തിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവിൽ ജിയോ ബേബി സംവിധാനം ചെയ്ത കാതൽ- ദി കോർ മികച്ച സിനിമ പുരസ്കാരവും കൈവരിച്ചു.
പ്രണയവും പകയും സദാചാരവും ഒക്കെ സംസാരിക്കുന്ന ആട്ടം, വ്യത്യസ്തമായ ആഖ്യാനശൈലിയിലൂടെയും അത് കൈകാര്യം ചെയ്യുന്ന സമകാലിക രാഷ്ട്രീയത്തിലൂടെയുമാണ് കയ്യടി നേടിയത്. പുരുഷാധിപത്യ സമൂഹം സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളോട് കാണിക്കുന്ന നിർവികാരത തന്നെയാണ് ആട്ടത്തിന്റെ യഥാർഥ കാതൽ. സ്ത്രീവിരുദ്ധത, ലിംഗവിവേചനം, സ്വാർഥത, കപടനീതി, അപകർഷത, വാഗ്ദാനങ്ങളിൽ ആകൃഷ്ടരാകുന്ന മനുഷ്യർ തുടങ്ങിയ എല്ലാ വിഷയങ്ങളും തൊട്ടും തലോടിയും തന്നെയാണ് ആട്ടവും പൂർത്തീകരിക്കുന്നത്.
പോൾസൺ സ്കറിയ-ആദർശ് സുകുമാരൻ ടീമിന്റെ തിരക്കഥയിൽ ജിയോ ബേബി സംവിധാനം ചെയ്ത്, മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് കാതൽ -ദ കോർ . കുടുംബകഥകൾ പലതുവന്നിട്ടുള്ള മലയാള സിനിമയിൽ ധീരമായൊരു ചുവടുവെയ്പ്പാണ് കാതൽ. ദാമ്പത്യ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം എണ്ണിയാലൊടുങ്ങാത്ത മലയാള സിനിമകളിൽ കണ്ട പ്രേക്ഷകർക്ക് കാതൽ വ്യത്യസ്തമാവുന്നത് വെറും കുടുംബകഥ എന്ന ആശയത്തിൽ നിന്ന് ബഹുദൂരം മുന്നോട്ടുപോകുന്നുണ്ട്.
പൊതു മലയാളിയുടെ സങ്കല്പനങ്ങൾക്ക് ദഹിക്കാത്ത വിഷയമായതുകൊണ്ടുതന്നെ മുംബൈ പോലീസ്, മൂത്തോൻ തുടങ്ങിയ ചുരുക്കം സിനിമകളിൽ മാത്രം തൊട്ട് തലോടിപ്പോയ ഹോമോസെക്ഷ്വാലിറ്റി എന്ന വിഷയം നല്ല കയ്യടക്കത്തോടെ ആവിഷ്‌കരിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്തതയുടെയും ചങ്കൂറ്റത്തിന്റെയും മറുപേരയായി മലയാള സിനിമ മാറുകയാണ്. ഒരുപക്ഷേ ആരും പറയാൻ മടിക്കുന്ന വിഷയങ്ങൾ ധൈര്യപൂർവം, കല്ലുകടിയില്ലാത്തവിധം അവതരിപ്പിക്കാൻ മലയാളസിനിമയ്ക്ക് സാധിക്കാറുണ്ട്. അന്യഭാഷകളിലെ വലുതും ചെറുതുമായ ചലച്ചിത്രകാരന്മാർ ഒരേപോലെ മലയാളത്തിൽ എന്തുനടക്കുന്നു എന്ന് ഉറ്റുനോക്കുന്നതും അതുകൊണ്ടാണ്.