അട്ടപ്പാടി: അട്ടപ്പാടി മധുവധക്കേസിൽ മണ്ണാർക്കാട് എസ് സി-എസ് ടി കോടതി ഇന്ന് വിധി പറയും. മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് വിചാരണ പൂർത്തിയാക്കി കേസിൽ അന്തിമ വിധി പറയാനൊരുങ്ങുന്നത്. 2018 ഫെബ്രുവരി 22 നായിരുന്നു ഇരുപത്തിയേഴുകാരനായ മധുവിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. മധുവിന്റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്റെയും അഞ്ച് വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കേട്ടത്. കാടിനുസമീപത്തെ മുക്കാലിക്കവലയിലെ കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ വിചാരണയും ക്രൂര മർദനവും. 16 പ്രതികളാണ് കേസിൽ ആകെയുള്ളത്. സംഭവം നടന്ന് നാല് വർഷം കഴിഞ്ഞാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. കേസിൽ ആകെയുണ്ടായിരുന്ന 121 സാക്ഷികളിൽ 103 പേരെ വിസ്തരിച്ചെങ്കിലും 24 പേർ വിചാരണയുടെ പല ഘട്ടങ്ങളിലായി കൂറുമാറി. ഇവരിൽ മധുവിന്റെ ബന്ധുക്കളും ഉൾപ്പെടെയുള്ളവർ കൂറുമാറിയവരിൽ പെടുന്നു.