Friday, November 22, 2024
spot_imgspot_img
HomeKeralaഅട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദന്, മെഹറുന്നീസ, മയ്യൻ, മുരുകൻ, മരുതൻ, സൈതലവി, സുനിൽകുമാർ, മനാഫ്, രഞ്ജിത്, മണികണ്ഠൻ, അനൂപ്‌, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയ സാക്ഷികൾ.

16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളുടേതിന് സമാനമായി നരഹത്യ കുറ്റം ഇയാൾക്കെതിരെ ചുമത്തിയിരുന്നില്ല. ഇത്രയും നാൾ കേസിൽ മുനീർ ജയിലിൽ ആയിരുന്നു. അതിനാൽ അഞ്ഞൂറ് രൂപ പിഴ അടച്ച് ഇയാൾക്ക് പോകാം. അതേസമയം കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്ക് കോടതി നിർദേശം നൽകി. 24 സാക്ഷികളാണ് കൂറുമാറിയത്.

16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതി വധിച്ചിരുന്നു. ഇതിൽ മുനീർ ഒഴിച്ച് 13 പേർക്കെതിരെയും നരഹത്യാ കുറ്റം ചുമത്തിയിരുന്നു. രണ്ട് പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിന‍ഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇതിൽ 13 പേർക്കെതിരെയാണ് നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത്.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.

മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares