തിരുവനന്തപുരം: മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടി പോരാടാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫിന്റെ നേതൃത്വത്തിൽ മതേതര സംഗമം സംഘടിപ്പിക്കുന്നു. സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 15 നു വിവിധ ജില്ലാ കേന്ദ്രങ്ങളിൽ വച്ചായിരിക്കും മതേതര സംഗമം നടത്തുക. വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിളംബര റാലിയോടെയാവും പരിപാടികൾക്ക് തുടക്കമാവുക.
ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മതേതര സംഗമം എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ രാമൻ ഉദ്ഘാടനം ചെയ്യും. തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണൂത്തിയിൽ വച്ച് നടക്കുന്ന പരിപാടി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം നിർവഹിക്കും. പാലക്കാട് വടക്കഞ്ചേരിയിൽ നടക്കുന്ന സംഗമം സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട അടൂരിൽ നടക്കുന്ന സംഗമം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മതേതര സംഗമം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണയിൽ വച്ച് നടക്കുന്ന പരിപാടി പി സന്തോഷ്കുമാർ എംപി ഉദ്ഘാടനം നിർവഹിക്കും. കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന സംഗമം സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം നിർവഹിക്കും.