രാജ്യം നേരിടുന്ന ഹിന്ദുത്വ ഭീഷണിയെ സംബന്ധിച്ച ഗൗരവകരമായ ചിന്തയോ അതിനെ പ്രതിരോധിക്കാനുള്ള പ്രയോഗക്ഷമമായ ബദലിനെ സംബന്ധിച്ച ആശയവ്യക്തതയോ ഇല്ലാതെ സംഘ് പരിവാർ അജണ്ടക്കാവശ്യമായ രീതിയിലുള്ള മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസ് നയത്തിന്റെ അനന്തര ഫലമാണ് ബിജെപി യിലേക്കുള്ള നേതാക്കളുടെ ഒഴുക്കെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനും ഫാസിസ്റ്റു നയങ്ങൾക്കുമെതിരെ പ്രത്യയ ശാസ്ത്ര പരമായോ സംഘടന പരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസിന് കഴിയില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അഭിപ്രായപ്പെട്ടു.
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നതാണ് അവസ്ഥ. ആർഎസ്എസിന്റെ ശാഖയ്ക്ക് കാവൽ നില്ക്കാൻ കോൺഗ്രസുകാരെ വിട്ടതിൽ അഭിമാനിക്കുകയും തനിക്ക് തോന്നിയാൽ താൻ ബിജെപിയിൽ പോകുമെന്നും പ്രഖ്യാപിച്ച വ്യക്തി കെപിസിസി പ്രസിഡന്റ് ആയിരിക്കുമ്പോൾ നിർണായകമായ രാഷ്ട്രീയ ഘട്ടങ്ങളിലെല്ലാം സംഘപരിവാറിനോട് മയപ്പെടുന്ന സമീപനം കോൺഗ്രസ് സ്വീകരിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചാൽ കോൺഗ്രസിൽ നിൽക്കുമോ എന്ന് കോൺഗ്രസുകാർക്ക് പോലും പ്രവചിക്കാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് നില നിൽക്കുന്നത്!
അധികാര ദുർമോഹവും അഴിമതിയും വഴിപിഴച്ച സാമ്പത്തിക താത്‌പര്യങ്ങളുമാണ് ഇന്നത്തെ കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത്. രാജ്യം നേരിടുന്ന ഫാസിസ്റ്റു ഭീഷണിയെ ഫല പ്രദമായി ചെറുക്കാൻ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടതിന്റെ അനിവാര്യത ജനാധിപത്യത്തിലും മത നിരപേക്ഷതയിലും വിശ്വസിക്കുന്ന കേരളത്തിലെ പൊതു സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഐവൈഎഫ് വ്യക്തമാക്കി.