കോട്ടയം: രാജ്യം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ദുരിതാശ്വാസ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. എന്നാൽ തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകൾ പരത്തുന്ന മാധ്യമങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ആവശ്യപ്പെട്ടു. എഐവൈഎഫ് കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ചൂരൽ മല മുണ്ടക്കൈ ദുരിത ബാധിത മേഖലക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം അട്ടിമറിക്കുന്നതിന് വേണ്ടിയും ജനകീയ സർക്കാരിനെ താറടിക്കുന്നതിനായും വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ-മാധ്യമ നിലപാടുകൾക്കെതിരെ വരും ദിനങ്ങളിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. സേനയും പൊലീസും അഗ്നിരക്ഷ പ്രവർത്തകരും വനം റവന്യൂ ജീവനക്കാരും വിവിധ സംഘടന പ്രവർത്തകരുമുൾപ്പെടെയുള്ള സംഘം വിശ്രമമില്ലാതെ അത്യന്തം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നടത്തിയ രക്ഷദൗത്യം കേരള ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതായിരുന്നു.
വിവിധ വകുപ്പുകളുടെ ഉത്തര വാദിത്ത നിർവഹണവും ശാസ്ത്രീയ മനോഭാവവും പ്രതിസന്ധിയെ നേരിടുന്നതിനാവശ്യമായ നിതാന്ത ജാഗ്രതയും സമഗ്ര വീക്ഷണവും ജനങ്ങളിൽ സൃഷ്ടിച്ച സുരക്ഷിതത്വ ബോധം ചെറുതായിരുന്നില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ലഭ്യമായ സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ ഇത് വരെ നേതൃത്വം നൽകിയത്. ഉരുൾ ദുരന്തത്തിൽ ഉറ്റവരും ഉടയവരും സർവസ്വവും നഷ്‌ടമായവർക്കുള്ള ദുരിതാശ്വാസത്തിന്നായി കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിവിധ വിഷയങ്ങൾക്കാവശ്യമായ കണക്കിനെ സർക്കാർ ചെലവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത്.
കേരളം കണ്ട സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന്റെ ഭീകരതയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ ജീവിതം ഉപയോഗിച്ച് കൊണ്ടാണ് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള നുണ പ്രചരണം നടത്തുന്നത്. ദുരന്ത ഭൂമി സന്ദർശിച്ച പ്രധാനമന്ത്രി നിർദേശിച്ച പ്രകാരം ദുരന്തത്തിൽ സംഭവിച്ച നഷ്‌ടവും ദേശീയ ദുരന്ത നിവാരണ നിധി മാനദണ്ഡ പ്രകാരം സംസ്ഥാനത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടാവുന്ന തുകയും തരം തിരിച്ചുള്ള നിവേദനമാണ് കേരളം നൽകിയത്. സംസ്ഥാനത്തിന് പരമാവധി സഹായം ലഭ്യമാക്കാനുള്ള ഇടപെടലായിരുന്നു അത്.
കേന്ദ്ര സർക്കാരാകട്ടെ ദുരന്തം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേരളത്തിന്റെ സഹായാഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെ ഏത് വിധേനയും അപകീർത്തിപ്പെടുത്തുക എന്ന ഏക അജണ്ടയാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ മറവിൽ ജനകീയ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ തകർക്കാനുളള ഹീന ശ്രമം കേരള ജനത തിരിച്ചറിയും. സംസ്ഥാന സർക്കാരിന്റെ അതിജീവന ശ്രമങ്ങൾക്ക് തുരങ്കം സൃഷ്ടിക്കാനുള്ള ഏത് നീക്കത്തെയും ബഹു ജനങ്ങളെ അണി നിരത്തി എഐവൈഎഫ് ചെറുത്ത് തോല്പിക്കും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി ടി സി ബിനോയ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹരിമോൻ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്, ജില്ല പ്രസിഡൻ്റ് ജിജോ ജോസഫ് എന്നിവർ സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാജേഷ് നന്ദി പറഞ്ഞു.