തിരുവനന്തപുരം: നോട്ട് നിരോധനം എന്ന നടപടി ഒരു പാഴ് വേലയും കൺകെട്ടും ആയിരുന്നു എന്നത് തുറന്നു സമ്മതിക്കുകയാണ് പുതിയതായി ഇറക്കിയ 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത് എന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ സ്വത്തും പണവും വിദേശത്തേക്കും മറ്റും നിർബാധം കടത്തുമ്പോൾ അതിന് ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരുന്ന കേന്ദ്രസർക്കാർ കള്ളപ്പണം നിരോധിക്കാൻ എന്ന പേരിൽ ആളുകളെ വഞ്ചിക്കുകയായിരുന്നു. അന്ന് തങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെട്ട സാധാരണക്കാരായ രാജ്യത്തെ പൗരന്മാരോട് ആത്മാർത്ഥമായി മാപ്പ് പറയുവാനും അന്ന് ജീവൻ നഷ്ടപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുവാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നടപടികൾ കൊണ്ട് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം ഏറ്റ തിരിച്ചടികളിൽ നിന്നും രക്ഷ നേടുവാൻ കേന്ദ്രസർക്കാരിനാവില്ല എന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പറഞ്ഞു.