വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും യുഡിഎഫിന്റെ ആശയ ദാരിദ്രത്തെയും രാഷ്ട്രീയ അൽപത്തരത്തെയുമാണ് വെളിപ്പെടുത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് വ്യക്തമാക്കി. അപവാദങ്ങൾ പടച്ചുണ്ടാക്കിയും അസത്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ടും രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന തങ്ങളുടെ എക്കാലത്തെയും ഗൂഢ തന്ത്രമാണ് വടകരയിൽ പരാജയ ഭീതി പൂണ്ട യു ഡി എഫ് പ്രവർത്തകർ ടീച്ചർക്കെതിരെ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
പ്രമുഖ മാധ്യമത്തിന്റെയും മത പണ്ഡിതന്റെയും പേരിൽ ടീച്ചർക്കെതിരെ വ്യാജ വാർത്തകൾ സൃഷ്ടിച്ച് മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ കഴിഞ്ഞ നാളുകളിൽ വ്യാപക തെറ്റിദ്ധാരണ പരത്തുകയുണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ വടകരയിൽ നിലനിൽക്കുന്ന രഹസ്യ ധാരണ മറനീക്കി പുറത്തു വന്നതിന്റെ ജാള്യത മറക്കാൻ ഇടത് മുന്നണിക്കും സ്ഥാനാർത്ഥിക്കുമെതിരെ അത്യന്തം ഹീനമായ പ്രചാരണങ്ങൾ അഴിച്ചു വിട്ട് തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം വെളിപ്പെടുത്തുകയാണ് യുഡിഎഫ്.
തെരഞ്ഞെടുപ്പ് വിജയത്തിനായി ഒളിഞ്ഞും തെളിഞ്ഞുമുള്ള യു ഡി എഫ് ബിജെപി കൂട്ടു കെട്ടിനേയും വോട്ട് കച്ചവടത്തെയും മറച്ചു പിടിക്കാൻ യുഡിഎഫ് നടത്തുന്ന ഹീന ശ്രമങ്ങളെ പ്രബുദ്ധ കേരളം തിരിച്ചറിയുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്ഥാവനയിൽ പറഞ്ഞു.