തൃശ്ശൂർ: മെഡിക്കൽ കോളേജിലെ അഴിമതിക്കും അനാസ്ഥക്കുമെതിരെ എതിരെ എ ഐ വൈ എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൽ സൂപ്രണ്ട് ഇല്ലാത്തതിനാൽ പിജി സീറ്റുകൾ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായത് ഗൗരവമായി കാണണമെന്നും. എച്ച്ഡിഎസ് അഴിമതി ചെയർമാനായ കളക്ടർ തന്നെ കണ്ടുപിടിച്ചതും മെഡിക്കൽ കോളേജിൽ നടക്കുന്ന അഴിമതിയുടെ ഭീകരത വെളിവാക്കുവെന്നും, സ്വജനപക്ഷപാതവും അഴിമതിയും വെച്ചുപൊറുപ്പിക്കരുതെന്നും കൃത്യമായ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്നും, സമരം സർക്കാരിനെതിരെയല്ലെന്നും സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ആണെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സഖാവ് ടി ടി ജിസ്‌മോൻ പ്രസ്താവിച്ചു.
മെഡിക്കൽ കോളേജിലെ കൈക്കൂലിക്കാരായ ഡോക്ടർമാരെ പിരിച്ചുവിടുക, മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് അവസാനിപ്പിക്കുക, ആരോപണവിധേയയായ സൂപ്രണ്ട് ഇൻ-ചാർജ്ജിനെ തൽസ്ഥാനത്തുനിന്നും മാറ്റിനിർത്തി വസ്തുനിഷ്ഠമായ അന്വേഷണം നടത്തുക, മെഡിക്കൽ കോളേജിൽ സ്ഥിരമായി സൂപ്രണ്ടിനെ ഉടൻ നിയമിക്കുക, എച്ച്ഡിഎസ് ഫണ്ട് അഴിമതി കേസ് വിജിലൻസ് അന്വേഷണത്തിന് വിടുക, മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫിഹൗസ് കാന്റീൻ, മാനദണ്ഡങ്ങൾ പാലിക്കാതെ പൊളിച്ചുമാറ്റിയ സംഭവത്തിൽ അഴിമതിക്കാരായ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക. കോഫി ഹൗസ് പൊളിച്ചുമാറ്റിയ ഇടത്ത് എച്ച്ഡിഎസിന്റെ കാന്റീൻ ആരംഭിക്കുക.
ഒഴിവുള്ള തസ്തികയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക, ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾ പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നടത്തുക, ജനന-മരണ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ കാലതാമസം ഒഴിവാക്കുക, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം വർദ്ധിപ്പിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ആയിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
എഐവൈഎഫ് ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാർ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലിനി ഷാജി, കനിഷ്കൻ വല്ലൂർ, വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സെക്രട്ടറി എം വി സുരേഷ് എന്നിവർ സംസാരിച്ചു. നേരത്തെ പഴയ മെഡിക്കൽ കോളേജ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് ടി പി സുനിൽ, പി വി വിവേക് , സാജൻ മുടവങ്ങാട്ടിൽ, വൈശാഖ് അന്തിക്കാട്, ടി വി വിബിൻ, ജിതിൻ ടി ആർ, കെ എ മഹേഷ്, കെ എസ് ദിനേശൻ,എൻ കെ സനൽ കുമാർ, നിശാന്ത് മച്ചാട് എന്നിവർ നേതൃത്വം നൽകി.