അയോധ്യ രാമക്ഷേത്രത്തിലെ ശ്രീകോവിൽ മഴയത്ത് ചോർന്നൊലിക്കുന്നുവെന്ന് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് പരാതിപ്പെട്ടതോടെ ജനങ്ങൾക്ക് മുന്നിൽ നാണംകെട്ട് നിൽക്കുകയാണ് ബിജെപിയും മോദിസർക്കാരും. മഴവെള്ളം പൂജാരിയുടെ ഇരിപ്പിടത്തിലേക്ക് നേരിട്ടെത്തുകയാണ്. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല. മഴ തുടർന്നാൽ പൂജ മുടങ്ങുമെന്നും സത്യേന്ദ്രദാസ് വർത്താഏജൻസിയോട് പറഞ്ഞു. ക്ഷേത്രം തുറന്നശേഷം ആദ്യമായി പെയ്‌ത മഴയിൽതന്നെ അയോധ്യ രാംപഥ് വെള്ളത്തിൽ മുങ്ങി. പലയിടത്തും ഗർത്തങ്ങൾ രൂപംകൊണ്ടു. വലിയ മതിൽ തകർന്നുവീണു. ശതകോടികൾ ചെലവിട്ട് നടത്തിയ നിർമാണപ്രവർത്തനങ്ങളിലെ പാളിച്ചകളാണ് ഒറ്റ മഴയിലൂടെ വെളിച്ചത്തുവന്നത്.
നീറ്റും നെറ്റും പരീക്ഷ പേപ്പറുകൾ ചോർന്നതിനു പിന്നാലെ രാമക്ഷേത്രത്തിലെ ചോർച്ച കൂടി ആയപ്പോൾ മോദിസർക്കാരിനെ പൂർണമായും ഉത്തരംമുട്ടിക്കുന്ന സംഭവവികാസമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രനിർമാണംപോലും ബിജെപി രാഷ്‌ട്രീയവളർച്ചയ്‌ക്ക് ഉപയോഗിക്കുകയായിരുന്നു. ജനുവരി 22ന് രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠാചടങ്ങില്‍, ആയിരം വർഷത്തേക്കുള്ള രാമരാജ്യത്തിനാണ് തുടക്കംകുറിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്നാൽ ഒറ്റ മഴയിൽ ബിജെപിയുടെയും മോദിസർക്കാരിന്റെയും തട്ടിപ്പ് പുറത്തുവന്നിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കാതെ ലോക്-സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിഷ്‌ഠ നടത്തിയതിനെയും അതിൽ മോദി മുഖ്യയജമാനനായതിനെയും പുരി ശങ്കരാചാര്യരടക്കം വിമർശിച്ചിരുന്നു. 1,800 കോടി രൂപയാണ് ക്ഷേത്രത്തിന്റെ മൊത്തം നിർമാണച്ചെലവ്. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിർമാണത്തിന് നേരിട്ട് മേൽനോട്ടം വഹിച്ചെന്ന് ബിജെപിയും സംഘപരിവാറും അവകാശപ്പെട്ടിരുന്നു. സംഘപരിവാറുകാർ തകർത്ത ബാബ്‌റി മസ്‌ജിദ് നിലനിന്ന 2.77 ഏക്കർ സ്ഥലത്താണ് 2019ലെ സുപ്രീംകോടതിവിധിയെ തുടർന്ന് രാമക്ഷേത്രം നിർമിച്ചത്.