ഡൽഹി: സുപ്രീം കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇലക്ട്രൽ ബോണ്ട് കേസ്, ബുൾഡോസർ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുൻ കേരളാ ഗവർണറായിരുന്ന ആർ എസ് ഗവായിയുടെ മകനാണ്.
സ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻഗാമിയായാണ് ബി.ആർ.ഗവായ് സ്ഥാനമേറ്റത്. മലയാളിയായ കെ ജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബി ആർ ഗവായ്.
ജസ്റ്റിസ് ഗവായ്‌ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയിൽ ഇരിക്കാം. ഈ വര്‍ഷം നവംബര്‍ 23ന് ബി ആർ ഗവായ് വിരമിക്കും.
മഹാരാഷ്ട്രയിലെ അമ്രാവതി സ്വദേശിയായ ഗവായ് 1985ലാണ് അഭിഭാഷകവൃത്തിയിലേക്കു വരുന്നത്. മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയും മുൻ അഡ്വക്കേറ്റ് ജനറലുമായ രാജാ ഭോൺസലെയ്ക്ക് ഒപ്പം പ്രവർത്തിച്ചു. ബോംബെ ഹൈക്കോടതിയിൽ 1987 മുതൽ 1990 വരെ സ്വതന്ത്ര പ്രാക്ടീസ് നടത്തി. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലേക്കു മാറി.
1992 ഓഗസ്റ്റിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറും തുടർന്ന് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിതനായി. 2000ത്തിൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2019ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.2019 മെയിലാണ് ഗവായ് സുപ്രീംകോടതി ജഡ്ജിയാകുന്നത്.