ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്ലീം വംശഹത്യയായ ഗുജറാത്ത് വംശഹത്യയേയും, കൊടും ഭീകരന്‍ ബാബു ബജ്രംഗിയേയും, രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിലേക്ക് വീണ്ടും കൊണ്ട് വന്ന് നിര്‍ത്തിയിരിക്കുകയാണ് ‘എമ്പുരാന്‍’. പുതുതലമുറയെ ഒരു വാണിജ്യ സിനിമ എന്നതിലുപരി ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് എമ്പുരാൻ.
ഗുജറാത്തില്‍ 97 മുസ്‌ലിങ്ങളെ യാതൊരു ദയയുമില്ലാതെ കൊന്നൊടുക്കിയ ബാബു ബജ്‌രംഗി എന്ന ഹിന്ദുത്വ തീവ്രവാദിയുടെ പേര് ചിത്രത്തിലെ പ്രധാന വില്ലന് നല്‍കിയതും, ഈ രാജ്യം ഭരിക്കുന്നവരെ സഹായിക്കുന്നത് ബജ്‌രംഗിയെപ്പോലുള്ളവരാണെന്നും വിളിച്ചുപറയാന്‍ എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ കാണിച്ച ധൈര്യത്തിന് എത്ര കൈയടികള്‍ നല്‍കിയാലും മതിയാകില്ല.
മുസ്ലിങ്ങളെ കൊല്ലുന്നതിലും അവരെ കത്തിക്കുന്നതിലും ഞാൻ സന്തോഷിക്കുന്നു. കാരണം അവർ ദഹിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഇതിന് വേണ്ടി എന്നെ തൂക്കിലേറ്റിയാൽ പോലും എനിക്ക് സന്തോഷമേയുള്ളൂ എന്നു പറഞ്ഞ വ്യക്തി. തൂക്കിലേറ്റുന്നതിന് മുൻപ് 2 ദിവസം ഇളവ് തന്നാൽ ഇനിയൊരു 7-8 ലക്ഷം മുസ്ലിങ്ങളേ കൂടി കൊന്നു തള്ളാൻ തയ്യാറാണ് എന്നു പറഞ്ഞ തികഞ്ഞ വർഗീയവാദി.

താനാണ് നരോദ പാട്യയില്‍ ഓപ്പറേഷന് തുടക്കമിട്ടതെന്നും ഗര്‍ഭിണിയുടെ വയര്‍ പിളര്‍ത്തി കുഞ്ഞിനെ പുറത്തിട്ടത് താനാണെന്നും തുറന്ന് പറഞ്ഞവന്‍. തന്റെ ചെയ്തികളില്‍ ഒരിക്കലും ഖേദിക്കുന്നില്ലെന്നും അവസരം ലഭിച്ചാല്‍ ഇനിയും കൊല്ലുമെന്നും പറഞ്ഞ വ്യക്തി.
ഈ കൊടും ഭീകരനെയാണ് ‘എമ്പുരാന്‍ ‘ എന്ന സിനിമ ലോകത്തിന് കാണിച്ച് തരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ മുസ്‌ലിം വംശഹത്യ ഗുജറാത്തില്‍ നടക്കുമ്പോള്‍, ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയാണ്. മുസ്‌ലിം ജനതയുടെ ചുടുരക്തമാണ് ഗുജറാത്തിലെ വംശഹത്യയുടെ സംഘാടകനെ രാജ്യത്തിന്റെ പരമാധികാര കസേരയിലെത്തിച്ചതെന്ന് കാണിക്കുകയാണ് എമ്പുരാൻ.
ഇന്ത്യയിലെ എല്ലാവരും കേരള സ്റ്റോറി കാണണമെന്ന് ഇലക്ഷന്‍ പ്രചരണവേദികളില്‍ പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിരുന്നു. ഗവണ്മെന്റ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട സിനിമകള്‍ അരങ്ങുവാഴുന്ന കാലത്ത് എമ്പുരാനില്‍ കാണിച്ച രാഷ്ട്രീയം പ്രസക്തമാണ്. ഗുജറാത്തിലെ കലാപത്തിന് കാരണക്കാരായവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന സത്യം എമ്പുരാന്‍ വിളിച്ചുപറയുന്നുണ്ട്.മുസ്‌ലിം വിദ്വേഷം നിറഞ്ഞ സിനിമകള്‍ക്ക് ഇളവ് നല്‍കുകയും കാണുന്നിടത്തൊക്കെ അത്തരം സിനിമകളെ പുകഴ്ത്തുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെയുള്ള ശബ്ദമായി എമ്പുരാനെ കണക്കാക്കാം.