കൊളംബോ: ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കനത്ത മഴയെ തുടർന്ന് ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ആർക്കും പരുക്കില്ല. ശക്തമായ കാറ്റിനെ തുടർന്നാണ് ഡഗൗട്ടിൻ്റെ ഒരു ഭാഗം തകർന്നു വീണതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മഴയെ തുടർന്ന് മത്സരം പുനരാരംഭിക്കാനിരിക്കെയാണ് അപകടം നടന്നത്.
രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ നിലവിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് നേടിയിട്ടുണ്ട്. ഉസ്മാൻ ഖവാജ (67), കാമറൂൺ ഗ്രീൻ (19) എന്നിവരാണ് ക്രീസിൽ. ഡേവിഡ് വാർണർ (25), മാർനസ് ലബുഷെയ്ൻ (13), സ്റ്റീവ് സ്മിത്ത് (6), ട്രാവിസ് ഹെഡ് (6) എന്നിവരുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്.