രാജ്യം 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ എക്‌സില്‍ പോസ്റ്റ് ചെയ്ത ആശംസാ കുറിപ്പ് വൈറലാവുന്നു. കുറിപ്പിനൊപ്പം താരം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇന്ത്യൻ ജനത ഏറ്റെടുത്തിരിക്കുന്നത്. ‘സ്വാതന്ത്ര്യദിനത്തിന്റെ മഹത്തായ ഉത്സവത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും’- എന്നായിരുന്നു താരത്തിന്റെ ആശംസാ കുറിപ്പ്. ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ സമരത്തിന്റെ ചിത്രമാണ് താരം ആശംസയ്‌ക്കൊപ്പം പങ്കിട്ടത്.
ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി എംപിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങിനെതിരെ നടത്തിയ പ്രതിഷേധ സമരത്തിന്റെ ചിത്രമാണ് ബജ്‌റംഗ് പുനിയ പങ്കിട്ടത്. സമരത്തിനിടെ വനിതാ താരങ്ങളായ വിനേഷ് ഫോഗട്ടിനേയും ബജ്‌റംഗ് പുനിയയുടെ ഭാര്യയും വിനേഷിന്‍റെ സഹോദരിയുമായ സംഗീത ഫോഗട്ടിനേയും പൊലീസ് നിരത്തിലൂടെ വലിച്ചിഴയ്ക്കുന്നതാണ് ചിത്രത്തില്‍. വനിതാ താരങ്ങള്‍ മുറുകെ പിടിച്ച ഇന്ത്യന്‍ പതാക നിലത്തു വീണു കിടക്കുന്നതും ചിത്രത്തില്‍ കാണാം.
2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ താരമാണ് ബജ്‌റംഗ് പുനിയ. ബ്രിജ്ഭൂഷനെതിരെ വനിതാ താരങ്ങളായ സാക്ഷി മാലികും വിനേഷ് ഫോഗട്ടും രംഗത്തെത്തിയ ഘട്ടം മുതല്‍ അവര്‍ക്ക് പിന്തുണയുമായി ബജ്‌റംഗും സമരത്തിലുടനീളമുണ്ടായിരുന്നു. വിനേഷ് ഫോഗട്ടിനെ പാരിസ് ഒളിമ്പിക്‌സ് ഫൈനലിനെത്തിയതിനു പിന്നാലെ അയോഗ്യയാക്കിയപ്പോഴും താരത്തിനു പിന്തുണയുമായി ബജ്‌റംഗ് പുനിയ എത്തിയിരുന്നു. വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്ന വിനേഷിന്റെ അപ്പീല്‍ രാജ്യാന്ത കായിക കോടതി തള്ളിയതിനു പിന്നാലെയാണ് ബജ്‌റംഗിന്റെ സ്വാതന്ത്ര്യ ദിന ആശംസാ കുറിപ്പ് എന്നതും ചര്‍ച്ചകളില്‍ നിറയുന്നു.