തൃശൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ അന്തിക്കാട്ട് സിപിഐ ബാലവേദിയുടെ ഭാഗമായി മാനവ സ്നേഹയാത്ര സംഘടിപ്പിച്ചു. പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ബന്ധം കുട്ടികളിലേക്ക് പകർന്നു നൽകുന്നതിനും, മത വർഗ്ഗീയ വാദികളാൽ നമ്മുടെ നാടിൻ്റെ സമാധനത്തേയും,സാഹോദര്യത്തേയും തകർക്കുന്ന ശ്രമങ്ങൾ ബോധപൂർവ്വം സംഘടിപ്പിക്കുമ്പോൾ വളർന്നു വരുന്ന തലമുറയിൽ മാനവ സ്നേഹത്തിൻ്റെ മൂല്യങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്..
ചsയംമുറി സ്മാരത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ കുട്ടികൾക്ക് പൂക്കളും, ഫല വൃക്ഷ തൈകളും നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു കുട്ടിയെ തോളിലേറ്റിക്കൊണ്ട് മതസ്പർദ്ദയും വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചത് നമ്മുടെ നാട്ടിൽ വലിയ പ്രതിഷേധമുണ്ടാക്കിയ കാര്യമാണ്. അത്തരമൊരു ചെയ്തി ഒരിക്കലും കേരളം പോലെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്ന് വി എസ് സുനിൽ കുമാർ വ്യക്തമാക്കി.
യഥാർത്ഥത്തിൽ രക്ഷകർത്താക്കൾ ആഗ്രഹിക്കുന്നത് അവരുടെ മക്കൾ മനുഷ്യസ്നേഹത്തോടെ വളരണമെന്നാണ്. അപ്പോൾ നമ്മുടെ മക്കളെ മുനുഷ്യസ്നേഹത്തേക്കുറിച്ചും കരുണയെക്കുറിച്ചുമൊക്കം പഠിപ്പിക്കേണ്ടത് രക്ഷകർത്താക്കളുടെ ഉത്തരവാദിത്തമാണ്. പ്രകൃതി എന്നാൽ മനുഷ്യരുടെ അമ്മയാണ്.അപ്പോൾ അമ്മയെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ആ അമ്മയുടെ മക്കളേയും പ്രകൃതിയുടെ ഐക്യം പഠിപ്പിക്കുകയെന്നതാണ് പ്രകൃതി സംരക്ഷണ ദിനത്തിലെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കാണേണ്ടതെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
ബാലവേദി രക്ഷാധികാരികളും, രക്ഷിതാക്കളും മക്കളെ ചുമലിലേറ്റിയാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന വർഗ്ഗീയ മുദ്രാവാക്യം വിളിക്കുള്ള മറുപടിയായുമാണ് ബാലവേദി കുട്ടികൾക്കുള്ള മാനവ സ്നേഹ യാത്ര സംഘടിപ്പിച്ചത്. ബാലവേദി നാട്ടിക മണ്ഡലം സെക്രട്ടറി കെ പി ദേവദത്ത സ്വാഗതം ആശംസിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ,അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ കൃഷ്ണകുമാർ, കെ എം കിഷോർ കുമാർ, ടി കെ മാധവൻ, കെ കെ പ്രദീപ് കുമാർ,ബാലവേദി ജില്ലാ വൈസ് ചെയർമാൻ വൈശാഖ് അന്തിക്കാട്, ബാലവേദി നാട്ടിക മണ്ഡലം കൺവീനർ കെ സി ബൈജു, ചെയർമാൻ ഷിബു കൊല്ലാറ, വി ഡി രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.
ബാലവേദി അന്തിക്കാട് പഞ്ചായത്ത് സംഘാടക സമിതി അംഗങ്ങളായ കെ വിജയൻ, ഷിബിൻ വാലത്ത്, ഷീബ അനിൽകുമാർ, ജ്യോതി ലക്ഷ്മി, ബിന നന്ദൻ, ദീപ ഉല്ലാസ്, സ്വാഗത് കെ ബി,രമാദേവി, ഷീബ ലക്ഷ്മണൻ,ഗുലാബ് ചന്ദ്, നിതിൻ ടി,അനിത ശശി, സലീഷ് ടി എം,എൻ ജി ഷോബിൻ,ശരണ്യ രജീഷ്, ജീന നന്ദൻ,ബാബു എ ബി,ജിത ദീപക്, ബുഷൈന തുടങ്ങിയവർ നേതൃത്വം നൽകി.