എറണാകുളം: യുക്തി ചിന്ത വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് എഴുത്തുകാരൻ സി.രാധാകൃഷണൻ. ബാലവേദി സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്തിബോധമാണ് മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. ഗലീലിയോയും ഐസക് ന്യൂട്ടനും ഐൻസ്റ്റീനും ശാസ്ത്ര ചിന്തകൾ അവതരിപ്പിച്ചപ്പോൾ യുക്തിബോധമില്ലാത്ത ജനത കല്ലറിയാൻ ശ്രമിച്ചു. എന്നാൽ പിൽക്കാലത്ത് അവർ ചൂണ്ടിക്കാട്ടിയ ശാസത്രത്തിൻ്റെ വഴിയിലൂടെ നടന്ന് മുന്നേറി.
ചിന്തകളുടെ ബലത്തിൽ മുന്നോട്ടു പോകാൻ കഴിയുന്നു എന്നതാണ് ശാസ്ത്രത്തിൻ്റെ ശക്തി. അതിനാൽ യുക്തിയും ശാസത്ര ബോധവും സമന്വിയിക്കുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് പകർന്നു നൽകേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മംഗളവനത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ ബാലവേദി സംസ്ഥാന രക്ഷാധികാരി സമിതി അംഗം ടി ടി ജിസ്മോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ എൻ.അരുൺ , കമല സദാനന്ദൻ , പി.കബീർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രശസ്ത കവി എം.എം സചീന്ദ്രനാണ് ശിൽപശാല ഡയറക്ടർ.