പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ കറുത്ത വേഷത്തിനും മാസ്‌കിനും വിലക്ക്. ഗോവയിലെ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് കറുത്ത വേഷത്തിനും മാസ്‌കിനും വിലക്കേർപ്പെടുത്തിയത്. പതിനായിരം പേർ പങ്കെടുത്തെന്ന് ബിജെപി അവകാശപ്പെടുന്ന പരിപാടിയിൽ, പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഭയന്നായിരുന്നു കറുപ്പിന് വിലക്കേർപ്പെടുത്തിയത്.
കേന്ദ്രമന്ത്രിമാരയ നിതിൻ ഗഡ്കരി, ശ്രീപദ് നായിക്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ഇത് ആദ്യമായല്ല മോദിയുടെ പരിപാടിയിൽ പ്രതിഷേധങ്ങൾ ഭയന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് എതിരെ രാജ്യത്ത് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം ഭയന്ന് മോദി സർക്കാർ കറുപ്പ് വിലക്കിയത്.