ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്‌ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്.
പിഎഫ്‌ഐക്കും 8 അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷണൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകളെയാണ് നിരോധിച്ചത്.
ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്‌ഐയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങള്‍ പിഎഫ്‌ഐയുടെ നിരോധനത്തിനായി ആവശ്യപ്പെട്ടു എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.