ആലപ്പുഴ:16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ദേശീയ സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ബാനർ, കൊടിമര, പതാക, ഛായചിത്ര ജാഥകൾ പര്യടനം തുടങ്ങി. വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജാഥാ ക്യാപ്റ്റൻ കെ മല്ലികയ്ക്ക് ബാനർ കൈമാറി ജാഥാ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഭക്ഷ്യമന്ത്രി ജി ആർ അനിൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജാഥാ ഡയറക്ടർ എം പി ഗോപകുമാർ, വൈസ് ക്യാപ്റ്റൻ എം ജി രാഹുൽ, ജാഥാംഗങ്ങളായ സോളമൻ വെട്ടുകാട്, പി രഘുവരൻ, അനീഷ് പ്രദീപ്, അഡ്വ. സുനിൽ മോഹൻ, പി ബീന തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്വീകരണങ്ങൾക്കുശേഷം ജാഥ ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും.
കൊടിമര ജാഥയുടെ ഉദ്ഘാടനം ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ആർ സുന്ദരേശൻ അധ്യക്ഷനായി. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, ആർ എസ് അനിൽ, കെ എസ് ഇന്ദുശേഖരൻ നായർ, എസ് വേണുഗോപാൽ, സി ജി ഗോപുകൃഷ്ണൻ, കെ ശിവശങ്കരൻ നായർ, ജാഥാംഗങ്ങളായ കവിത രാജൻ, ജി ബാബു, കെ അനിമോൻ, കെ ദേവകി, ഡി സജി, വിൽസൺ ആന്റണി എന്നിവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ. വി ബി ബിനു സ്വീകരണങ്ങൾ ഏറ്റുവാങ്ങി. സംഘാടക സമിതി കൺവീനർ എസ് അനിൽ സ്വാഗതം പറഞ്ഞു.
മൂന്നാറിലെ സി എ കുര്യൻ സ്മൃതി മണ്ഡപത്തിൽ നിന്നാണ് ഗുരുദാസ് ദാസ് ഗുപ്ത, സി എ കുര്യൻ എന്നിവരുടെ ഛായാചിത്രങ്ങളുമായുള്ള ജാഥ പ്രയാണം തുടങ്ങിയത്. എഐടിയുസി ദേശീയ സെക്രട്ടറി ടി എം മൂർത്തി ഉദ്ഘാടനം നിർവഹിച്ചു. എം വൈ ഔസേപ്പ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ വാഴൂർ സോമൻ എംഎൽഎ, വൈസ് ക്യാപ്റ്റൻ കെ കെ അഷറഫ്, ജാഥാ ഡയറക്ടർ പി കെ കൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ എന്നിവർ സംസാരിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി പി മുത്തുപാണ്ടി സ്വാഗതവും പി പളനിവേൽ നന്ദിയും രേഖപ്പെടുത്തി. ഇന്ന് സൂര്യനെല്ലി, പൂപ്പാറ എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. കാസർകോട് കയ്യൂരിൽ നിന്നാരംഭിച്ച പതാക ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.