ബംഗളൂരു: കർണാടകത്തിൽ ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപെട്ടവരിൽ മലയാളിയും. കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. നാലുദിവസമായി അർജുനും ലോറിയും മണ്ണിനടിയിലാണെന്നാണ് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. അർജുന്റെ ഫോൺ രണ്ട് തവണ ഓണായതായും ലോറി ഉടമ പറഞ്ഞു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ഇവിടെനിന്ന് ചായകുടിക്കാനായി വണ്ടി നിർത്തിയവരാണ് അപകടത്തിൽപെട്ടതെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം നടന്ന് നാലു ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നാണ് ലോറി ഉടമ പറയുന്നത്.