Thursday, November 21, 2024
spot_imgspot_img
HomeOpinionസഖാവ് സി കെ ചന്ദ്രപ്പൻ: കേരളം രാജ്യത്തിന് സമ്മാനിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്‌

സഖാവ് സി കെ ചന്ദ്രപ്പൻ: കേരളം രാജ്യത്തിന് സമ്മാനിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്‌

TT-Jismon

ടി ടി ജിസ്‌മോൻ
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി

സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ ഐതിഹാസികമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് പുളകിതമായ വയലാറിന്റെ
മണ്ണിൽ നിന്നാണ് കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലുള്ള സി കെ ചന്ദ്രപ്പന്റെ വളർച്ച ആരംഭിക്കുന്നത്. ആലപ്പുഴയിലെ ശക്തമായ പാർട്ടി അടിത്തറയുടെ കരുത്ത് സഖാവ് ചന്ദ്രപ്പന് ആശയപരവും സംഘടനാപരവുമായ ദിശാബോധം പകർന്നിരുന്നു. അതുല്യ സംഘാടകനും അസാമാന്യമായ രാഷ്ട്രീയ ജാഗ്രതയോടെ, മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തിൽ വർത്തമാന സാമൂഹികചലനങ്ങൾ വിശകലനം ചെയ്യുന്നതിൽ അതിനിപുണനുമായിരുന്ന കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ഓർമ്മകൾക്ക് ഇന്ന് 12വയസ്സ്!

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സഖാവ് സികെ ചന്ദ്രപ്പൻ അസമത്വങ്ങൾക്കും സാമൂഹ്യ വിരുദ്ധതയ്ക്കും യാഥാസ്ഥിതിക സമൂഹത്തിന്‍റെ സമസ്ത ജീര്‍ണതകള്‍ക്കുമെതിരെയുള്ള രാഷ്ട്രീയ അവബോധം രൂപപ്പെടുത്തിയെടുത്തിരുന്നു . എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറി,അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ച കാലയളവിൽ വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവത്ക്കരിക്കാനുള്ള പ്രക്ഷോഭങ്ങളിലും ക്യാമ്പയിനുകളിലും സി കെ യുടെ രാഷ്ട്രീയ നേതൃത്വം രാജ്യവും കേരളവും ദർശിച്ചിരുന്നു.

എഐവൈഎഫ് അഖിലേന്ത്യ ജനറല്‍സെക്രട്ടറിയായും പ്രസിഡണ്ടായും പ്രവർത്തിക്കവെ രാജ്യത്താകമാനം ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളാൽ പ്രചോദിതമായ പ്രവർത്തന പന്ഥാവിലൂടെ യുവജനങ്ങളുടെ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു. അക്കാലയളവിൽ ഉയർത്തിയ രണ്ട് മുദ്രാവാക്യമായിരുന്നു 18 വയസ്സ് പ്രായമായവർക്കുള്ള വോട്ടവകാശവും ‘തൊഴിൽ അല്ലെങ്കിൽ തൊഴിൽ ഇല്ലായ്മ വേതന’മെന്നതും!
പാർലമെന്റ് അംഗമായിരിക്കെ 18 വയസ്സിലെ വോട്ടവകാശം സ്വകാര്യ ബില്ലിലൂടെ അവതരിപ്പിക്കുകയും ‘തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതന’മെന്ന ആവശ്യത്തിന് വേണ്ടി നിരന്തര ഇടപെടൽ നടത്തുകയും ചെയ്തു കേരളം രാജ്യത്തിന് സമ്മാനിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്.

സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാന്‍ സഭാ ദേശീയ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം സഖാവിനെ തേടിയെത്തുന്നത്. അനാരോഗ്യം മൂലം സഖാവ് വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 2010 നവംബര്‍ 14ന് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സി കെ യെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മരണം വരെ സെക്രട്ടറി സ്ഥാനത്ത് സഖാവ് തുടർന്നു.

സി കെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന വേളയിൽ ഞാൻ എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്. വിദ്യാർത്ഥി നേതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിലും നേതൃ നിരയിലേക്ക് അവരെ ഉയർത്തിക്കൊണ്ട് വരുന്നതിലും ബദ്ധ ശ്രദ്ധാലുവായിരുന്ന സികെ എഐഎസ്എഫിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചും മാർഗ്ഗ നിർദേശങ്ങൾ നൽകിയും സംഘടനക്ക് കരുത്ത് പകർന്നിരുന്നു.

രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ നിഷ്കാസനം ചെയ്ത് കൊണ്ട് ഹിന്ദുത്വ രാഷ്ട്ര സ്ഥാപനത്തിനായുള്ള നീക്കം ഊർജിതമാക്കപ്പെട്ടുന്ന വർത്തമാന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. മതേതരത്വത്തിന്റെ അന്തഃസത്ത രാഷ്‌ട്രത്തിന്‌ മതമില്ലെന്നതും ഭരണ നടപടികളിൽ ഒരു മതത്തിന്റെയും സ്വാധീനം നിഴലിക്കരുതെന്നുമായിരിക്കെ വ്യക്തികളുടെ സ്വകാര്യചിന്തകളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും ഒതുക്കി നിർത്തപ്പെടേണ്ട മതത്തെ ഭരണഘടനാ വ്യവസ്ഥയിലേക്കും ജനങ്ങളുടെ ബോധമണ്ഡലത്തിലേക്കും അടിസ്ഥാന പ്രമാണമായി പ്രതിഷ്ഠിക്കുന്നതിന് ശ്രമിക്കുകയാണ് ഭരണ കൂടം. ന്യൂനപക്ഷങ്ങൾക്കും ദളിത്‌ വിഭാഗങ്ങൾക്കുമെതിരെ അഴിച്ചു വിടുന്ന തീവ്രമായ ആക്രമണങ്ങളുടെയും പ്രചാരണങ്ങളുടെയും മറവിൽ ഭൂരിപക്ഷ വർഗീയാധിപത്യത്തെ സമർത്ഥമായി വളർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

രാജ്യത്തിന്റെ സമ്പദ്‌‌വ്യവസ്ഥയാകെ കോർപറേറ്റ്‌ മൂലധന ശക്തികൾക്ക്‌ അടിയറ വെച്ച് കൊണ്ട് സാധാരണക്കാരുടെ ജീവിതം അനു ദിനം ദുസ്സഹമാക്കുകയായിരുന്നു കഴിഞ്ഞ ഭരണ കാലയളവിൽ കേന്ദ്ര സർക്കാർ. പൊതു മേഖല സ്ഥാപനങ്ങൾ വില്പന നടത്തിയും രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം, കർഷക ആത്മ ഹത്യ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിച്ചും കോർപറേറ്റ് സ്വകാര്യ വത്കരണ അജണ്ട ശക്തിപ്പെടുത്തി രാജ്യത്തെയും ഭരണ കൂടത്തെയും നിയന്ത്രിക്കാനുള്ള നിർണ്ണായക ശക്തിയായി അവരെ രൂപാന്തരപ്പെടുത്തുന്ന മുതലാളിത്ത നയ സമീപനങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.

രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഇക്കുറി സി കെ ചന്ദ്രപ്പൻ ദിനം കടന്ന് വരുന്നത്. ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കുന്നു. ഇന്ത്യയെ വീണ്ടെടുക്കാനും വർഗീയ – കോർ പറേറ്റ് അജണ്ടകൾക്കെതിരെ കാലത്തെ തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയ പ്രതിരോധം സൃഷ്ടി ക്കാനുമുള്ള പോരാട്ട വീഥിയിൽ സഖാവ് സി കെ ചന്ദ്രപ്പന്റെ ആശയവും ജീവിതവും നമുക്ക് പ്രചോദനവും കരുത്തുമാണ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares