Friday, November 22, 2024
spot_imgspot_img
HomeOpinionവീണ്ടെടുക്കണം ഭഗത് സിംഗിന്റെ ഇന്ത്യയെ

വീണ്ടെടുക്കണം ഭഗത് സിംഗിന്റെ ഇന്ത്യയെ

എൻ അരുൺ
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്

“ജീവിക്കാനുള്ള ആഗ്രഹം എല്ലാ മനുഷ്യരിലുമെന്ന പോലെ എന്നിലുമുണ്ട്, ഞാനത് മറച്ച് വെക്കുന്നില്ല. പക്ഷെ, ജീവിക്കുന്നെങ്കിൽ അന്തസ്സോടെ ജീവിക്കാനേ ഞാനാഗ്രഹിക്കുന്നുള്ളൂ! കൊലക്കയറിൽ നിന്ന് വഴുതി മാറി അന്തസ്സില്ലാത്ത ജീവിതത്തിലേക്ക് ഞാൻ വന്നാൽ അത് എന്നെയും നമ്മുടെ വിപ്ലവലക്ഷ്യങ്ങളെയും ചീത്തപ്പേരിലാക്കുകയേ ഉള്ളൂ. മറിച്ച് ധൈര്യത്തോടെ കൊലക്കയറെടുത്ത് കഴുത്തിലിട്ടാൽ ഹിന്ദുസ്ഥാനിലെ അമ്മമാർ അവരുടെ മക്കളെ ഭഗത് സിംഗ് എന്ന പോലെ വളർത്തും. അങ്ങനെയുണ്ടാകുന്ന ആത്മവീര്യത്തിന് കീഴിൽ ഈ സാമ്രാജ്യത്വ ശക്തികൾ താഴെ വീഴുക തന്നെ ചെയ്യും “

1931 മാർച്ച്‌ 22 ന് തൂക്കിലേറ്റുന്നതിന്റെ തലേനാൾ ജയിലിൽ വെച്ച് കൊണ്ട് തന്റെ സഖാക്കൾക്കും സുഹൃത്തുക്കൾക്കുമായി ധീര ദേശാഭിമാനി ഭഗത് സിംഗ് കുറിച്ച വരികളിൽ വെളിപ്പെട്ടത് മാതൃ രാജ്യത്തിന്റെ അഭിമാനത്തിനപ്പുറമല്ല തന്റെ ജീവിതമെന്ന പ്രഖ്യാപനം തന്നെയായിരുന്നു. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടി കൊലമരത്തിനു മുന്നിലും ഭയചകിതനാകാതെ ധീരതയോടെ മരണത്തെ നേരിട്ട അനശ്വര വിപ്ലവകാരിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 93 വയസ്സ്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്നെതിരെ ആയുധമെടുക്കണമെന്ന ആഗ്രഹം ബാല്യം മുതൽക്കേ ഭഗത് സിംഗിനുണ്ടായിരുന്നു എന്ന് ചരിത്രങ്ങളിൽ വായിക്കാൻ കഴിയുന്നുണ്ട്. വളരെ ചിന്താ ശീലനായിരുന്ന, ബുദ്ധി കൂർമ്മതയുള്ള, ശ്രദ്ധാലുവായ ഭഗത് സിംഗ് മികച്ച വായനക്കാരനും എഴുത്തുകാരനുമായിരുന്നു. സോഷ്യലിസം, സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ, കമ്മ്യൂണിസം എന്നീ വിഷയങ്ങളിലേക്ക് അദ്ദേഹം ആകർഷിക്കപ്പെടുകയും സത്യാന്വേഷണ താല്പരത ചെറുപ്പം തൊട്ടേ പുലർത്തിപ്പോരുകയും ചെയ്തിരുന്നു.

‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷ’ന്റെ സ്ഥാപക നേതാക്കളിലൊരാളായ ഭഗത് സിംഗ് ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസിൽ കീഴടങ്ങുന്നത്. അതോടൊപ്പം ലാലാ ലജ്പത് റായിയുടെ കൊലപാതകിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ജെയിംസ് എ സ്കൗട്ടിനെ വധിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് കൊണ്ട് ഭഗത് സിംഗും രാജ്ഗുരുവും സുഖ്ദേവും ഭഗത് സിംഗും അതിനായുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. കൊല നടത്തിയപ്പോൾ മരിച്ചത് ജോൺ സൗണ്ടേർസ് എന്ന മറ്റൊരു ഉദ്യോഗസ്ഥനാണെന്ന് തെളിഞ്ഞു. പ്രസ്തുത കുറ്റവും മൂവരിലും ചാർത്തപ്പെട്ട ബ്രിട്ടീഷ് ഭരണകൂടം ഭഗത് സിംഗ് അടക്കമുള്ളവർക്ക് വധ ശിക്ഷ വിധിക്കുകയുമുണ്ടായി.

തൂക്കുകയർ കാത്തുനിൽക്കുമ്പോൾ ‘ ദ റവല്യൂഷനറി ലെനിൻ ‘എന്ന പുസ്തകം മുഴുമിപ്പിക്കുന്ന തിരക്കിലായിരുന്ന ഭഗത് സിംഗ്. മരണത്തിന് മുന്നിലും നിർഭയനായി പുഞ്ചിരി തൂകി കറുത്ത തുണി കൊണ്ട് മുഖം മൂടാൻ പോലും അനുവദിക്കാതെ ‘സാമ്രാജ്യത്വം തുലയട്ടെ, വിപ്ലവം ജയിക്കട്ടെ’! എന്ന മുദ്രാവാക്യം ഉയർത്തുകയായിരുന്നു വിപ്ലവ വഴികളിലെ ജ്വലിക്കുന്ന ശുക്ര നക്ഷത്രം!. 1931 മാർച്ച് 23ന് ഇന്നത്തെ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ലാഹോർ സെൻട്രൽ ജയിലിലാണ് ബ്രിട്ടീഷ് ഭരണകൂടം ഭഗത് സിംഗിനെ തൂക്കിലേറ്റിയത്. ലോക വിപ്ലവത്തെ ത്വരിതപ്പെടുത്താനായി പരിശ്രമിക്കുന്നവർ ഭഗത് സിംഗിന്റെ വിപ്ലവ ജീവിതവും ദീപ്തമായ സമരവും എന്നും അനുസ്മരിച്ചു കൊണ്ടിരിക്കുന്നു!

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വർഗീയവാദമുയർത്തി ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിച്ച ചരിത്രം മാത്രമുള്ള ആർ.എസ്.എസും ബി.ജെ.പിയും ഭരണ കൂടത്തിന്നെതിരായ വർഗ സമരത്തെ ശിഥിലീകരിക്കുന്നതിന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നിലപാടുകൾ പ്രയോഗവത്കരിച്ചു കൊണ്ടിരിക്കുകയാണിന്ന്. ബാബരി മസ്ജിദ് വിഷയത്തിൽ പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനാവശ്യമായ യാതൊരു തെളിവുകളും ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യുടെ കണ്ടെത്തലുകളിൽ ഇല്ലെന്നും 1528 നും 1857 നും ഇടയിലുള്ള കാലയളവിൽ മസ്ജിദ് നിലനിൽക്കുന്ന പ്രദേശവും പള്ളിയും പൂർണമായും മുസ്ലിംകളുടെ ഉടമസ്ഥതയിലും കൈവശത്തിലും ആയിരുന്നു എന്നതിനെ ഖണ്ഡിക്കത്തക്ക വിധത്തിലുള്ള തെളിവുകളൊന്നും തന്നെ ലഭ്യമല്ലെന്നും കോടതികൾ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടും വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ടവർ ഇന്ന് രാജ്യത്തിന്റെ ബഹു സ്വരതയുടെയും ഭരണഘടനയുടെ ഫെഡറൽതത്വങ്ങളുടെയും കടക്കൽ കത്തി വെച്ച് കൊണ്ട് ഹിന്ദുത്വ രാഷ്ട്ര നിർമ്മാണത്തിനായുള്ള കുല്സിത ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ്. ഭിന്നിപ്പും വിദ്വേഷവും പടച്ചുണ്ടാക്കിയും അസത്യങ്ങളും അർദ്ധ സത്യങ്ങളും പ്രചരിപ്പിച്ചു കൊണ്ടും രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തെയും ഗൂഢ തന്ത്രമായിരുന്നു.

1949 ഡിസംബർ 22 ന് ബാബരി മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിച്ച്‌ സ്വയം ഭൂവായതാണെന്ന് പ്രചരിപ്പിക്കുക വഴി അയോദ്ധ്യ സംഭവത്തെ ഒരു വിഭാഗം പൗരന്മാരിൽ വൈകാരിക ഉത്തേജനം സൃഷ്ടിച്ച്‌ കൊണ്ട് തങ്ങളുടെ ഫാസിസ്റ്റ് നീക്കങ്ങൾക്ക് നിർണ്ണായക ചുവട് വെപ്പ് നടത്തുകയായിരുന്നു സംഘ് പരിവാർ. മസ്ജിദിൽ ക്ഷേത്രം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ആർ എസ് എസ് ബാബരി ധ്വംസനത്തിന് മുൻപ് തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ നടത്തിയ പ്രചരണങ്ങൾ ശ്രദ്ധിക്കുക!

“1949ൽ ക്ഷേത്രഭാഗത്ത് ശ്രീരാമന്റെയും സീതാദേവിയുടെയും പ്രതിമകൾ ഭൂമിയിൽ പൊട്ടിമുളച്ച് പൊങ്ങിയതായ അദ്ഭുതം കണ്ട്, ലക്ഷക്കണക്കിന് ഹിന്ദു ആരാധകർ അവിടേക്ക് ഒഴുകിവന്നു” (കേസരി വാരിക, 1986 ജൂലൈ 20, പേജ് 13). 1987 മാർച്ച് 27 ലെ ‘ഓർഗനൈസർ’ വാരികയിലും സമാന രീതിയിലുള്ള വാർത്ത കാണാൻ കഴിയുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം മറിച്ചായിരുന്നു 1949 ഡിസംബറിൽ ഫൈസാബാദിലെ അവധ് പ്രദേശത്ത് അഖിലഭാരത രാമായണ മഹാസഭയുടെ നേതൃത്വത്തിൽ ഒമ്പതുദിവസത്തെ അഖണ്ഡപഥ് നടക്കുകയുണ്ടായി.

ഹനുമാൻ ഘടി ക്ഷേത്ര പൂജാരി അഭയ് രാംദാസിന്റെ നേതൃത്വത്തിൽ രാമചരിത മന്ത്രോച്ചാരണമായിരുന്നു പരിപാടി. പ്രസ്തുത പരിപാടിക്കിടെ
അഭയ് രാംദാസിന്റെയും രാംചരൺ ദാസിന്റെയും നേതൃത്വത്തിൽ ഡിസംബർ 22 ന് ഒരു സംഘമാളുകൾ പള്ളിയുടെ പൂട്ടുപൊളിക്കുകയും ശേഷം കോണി ഉപയോഗിച്ച് മതിൽ ചാടി അകത്തുകടന്നതിന് ശേഷം മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിക്കുകയുമായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഫൈസാബാദ് പോലിസ് സ്‌റ്റേഷനിലെ എഫ്‌ഐആറും സംഭവം വിശകലനം ചെയ്ത ഗവേഷണ പഠനങ്ങളും പ്രസ്തുത വസ്തുതകളാണ് സ്ഥിരീകരിക്കുന്നത്. ഫൈസാബാദ് പോലിസ് സ്റ്റേഷനിൽ മാതാപ്രസാദ് എന്ന പോലിസുകാരൻ നൽകിയ വിവരമനുസരിച്ച് സബ് ഇൻസ്‌പെക്ടർ രാം ദുബൈ സിറ്റി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ എഫ്‌ഐആറിൽ ”അജ്ഞാതരായ 50-60 ആളുകൾ അഭയ് രാംദാസിന്റെയും രാം ചരൺ ദാസിന്റെയും നേതൃത്വത്തിൽ പള്ളിയുടെ പൂട്ടുപൊളിച്ച്, കോണി വച്ച് മതിൽ ചാടി അകത്തു കടന്ന് വിഗ്രഹം പ്രതിഷ്ഠിച്ചു” എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലേക്ക് എത്തിക്കാനുള്ള ബിജെപി സർക്കാരിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായി നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം പൗരത്വാവകാശത്തെ മതവിശ്വാസവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യൻ ഭരണഘടന വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്. നിയമത്തിന്റെ രൂപീകരണവും അതിന്റെ നിലനിൽപ്പുതന്നെയും വിവേചനത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നത് രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഘടനയുടെ അന്ത :സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നിരിക്കെ ഇന്ത്യയുടെ ബഹു സ്വരതയെയും മത നിരപേക്ഷ പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്താൻ ശ്രമിക്കുന്നത് കേന്ദ്ര സർക്കാർ.

ഫാസിസ്റ്റ് അജണ്ട കയ്യാളുന്ന സംഘ് പരിവാർ നിയന്ത്രിക്കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണ കൂടം അസഹിഷ്ണുതയും തീവ്രദേശീയതയുടേതായ സങ്കുചിതവാദവും അടിസ്ഥാനമാക്കി ഉന്മൂലന രാഷ്ട്രീയവും അപമാനവീകരണവും തങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതിനുള്ള മാർഗമായി വിലയിരുത്തുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ യാതൊരു പങ്കാളിത്തവുമില്ലാതെ ബ്രിട്ടനോട്‌ സമരംചെയ്‌ത്‌ ജീവിതം നശിപ്പിക്കരുതെന്ന് രാജ്യത്തെ ഹിന്ദുക്കളോട് ആഹ്വാനം ചെയ്‌തവർ ഇന്ന് ഭഗത് സിംഗിന്റെ പേരിൽ വാചാലരാകുന്ന വിരോധാഭാസം രാജ്യം ദർശിക്കുന്നു. തങ്ങൾക്കെതിരായ വിമർശനാത്മക നിലപാടുകളിലും ചിന്താഗതികളിലും ദേശവിരുദ്ധത ആരോപിക്കുകയും
വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രയടിക്കുകയും ചെയ്യുന്നു ഫാസിസ്റ്റ് ഭരണ കൂടം.

ആർ എസ് എസിന്റെ രാഷ്ട്രീയോപകരണം മാത്രമായ ബിജെപി, മോദിയുടെ നേതൃത്വത്തിന് കീഴിൽ ഭരണഘടനയുടെ കടക്കൽ കത്തി വെച്ച് കൊണ്ട് തീവ്ര വർഗീയത പ്രചരിപ്പിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള കുത്സിത ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ മത നിരപേക്ഷതയിലൂന്നിയുള്ള ജനകീയ പ്രതിരോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി നിന്ന് ഭഗത് സിംഗിന്റെ ഇന്ത്യയെ വീണ്ടെടുക്കുക തന്നെ വേണം!

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares