ബിന്ദു സജി
രാമ ക്ഷേത്ര വിഷയം വർഗീയമാക്കി അവതരിപ്പിച്ച് അധികാരം നില നിർത്തുക എന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും മുഖ്യ അജണ്ടയാണ്. 2014 ൽ അധികാരത്തിൽ എത്തിയതിന് ശേഷം തീവ്ര ഹിന്ദുത്വത്തെ മുൻ നിർത്തിയുള്ള രാഷ്ട്രീയ നേട്ടത്തിന്നാണവർ ശ്രമിക്കുന്നത്.ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ മതേതരത്വ കാഴ്ചപ്പാടുകളിൽ ഊന്നി നിന്ന് കൊണ്ട് ചെറുക്കുന്നതിന് പകരം തങ്ങളാണ് യഥാർത്ഥ ഹിന്ദുത്വത്തിന്റെ വക്താക്കൾ എന്ന് തെളിയിക്കാനാണ് കോൺഗ്രസ് ശ്രമം. മതേതരമെന്ന് ഭാവിക്കുമ്പോഴും മത വിഭാഗങ്ങളെ പ്രീണിപ്പിച്ചുള്ള വോട്ട് ബാങ്ക് അവർ എന്നും ലക്ഷ്യം വെച്ചിരുന്നു. കോൺഗ്രസ് ഇന്ത്യ ഭരിച്ച കാലയളവിൽ നടന്ന വർഗ്ഗീയ കലാപങ്ങൾ ആരും മറന്നിട്ടില്ല. ഭഗൽ പൂർ കലാപവും 1984 ലെ സിഖ് വിരുദ്ധ കലാപവും ഉദാഹരണം.
കോൺഗ്രസിന്റെ നിലപാടുകൾ സംഘ് പരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് കൂടുതൽ സ്വീകാര്യത നൽകുകയാണ് ചെയ്യുന്നത്. ബാബരി മസ്ജിദിൽ വിഗ്രഹം വെച്ചതും പൂട്ടിക്കിടന്ന മസ്ജിദ് തുറന്നു കൊടുത്തതും കോൺഗ്രസ് രാജ്യം ഭരിക്കുമ്പോഴാണ്. 1986-ൽ ബാബരി മസ്ജിദ് തുറക്കുമ്പോൾ രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. മൂന്നു വർഷത്തിന് ശേഷം രാജീവ് ഗാന്ധി തന്നെയാണ് തർക്കഭൂമിയിൽ ശിലാന്യാസം നടത്താൻ വിശ്വ ഹിന്ദു പരിഷത്തിന് അനുമതി നൽകിയത്.
മധ്യ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ ഇടപെടൽ അവർ പരസ്യമായി പറഞ്ഞാണ് വോട്ട് പിടിച്ചത്. കമൽ നാഥും ദിഗ് വിജയ് സിങ്ങും ഹിന്ദുത്വ നിലപാടുകളിൽ ബിജെപിയോട് മത്സരിക്കുകയായിരുന്നു. ഹിന്ദു വികാരം അനുകൂലമാക്കാൻ ഹിന്ദു നേതാക്കളെ കൂട്ടു പിടിച്ചും സന്യാസിമാരുടെ റാലി സംഘടിപ്പിച്ചും തങ്ങളുടെ വർഗ്ഗീയ അജണ്ട അവർ മറയില്ലാതെ വെളിപ്പെടുത്തി. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത് മതേതര ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു.
ഭൂരിപക്ഷ ന്യൂനപക്ഷങ്ങളെ ഒരു പോലെ പ്രീണിപ്പിച്ചു കൊണ്ട് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള ദ്വിമുഖ തന്ത്രമാണ് കോൺഗ്രസ് നടത്തുന്നത്. ബിജെപിയുടെ വർഗീയ തന്ത്രങ്ങളെ ചെറുത്ത് തോല്പിക്കേണ്ടതിന് പകരം ഭരണഘടന വിരുദ്ധവും മത നിരപേക്ഷതക്ക് വെല്ലുവിളി ഉയർത്തുന്നതുമായ നയങ്ങളെ സ്വീകരിച്ചു കൊണ്ടുള്ള സമീപനങ്ങൾ കോൺഗ്രസ് തിരുത്തുക തന്നെ വേണം!
മതേതര ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഫാസിസത്തിന്നെതിരെ പോരാടുന്നതിന് പകരം തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് ചെറുക്കാനുള്ള കോൺഗ്രസ് ശ്രമം അത്യന്തം അപകടകരവും അപലപനീയവുമാണ്!
(അഭിപ്രായം വ്യക്തിപരം)