പറ്റ്ന: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബീഹാറിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. ബിഹാറിലെ പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബന്ദിന് പിന്തുണ നൽകി രംഗത്തെത്തി.
സേനയിലേക്കുള്ള റിക്രൂട്ടിങ് പദ്ധതിക്കെതിരെ ഇത് നാലാം ദിവസത്തേക്ക് പ്രക്ഷോഭം കടന്നിരിക്കുകയാണ്. ബിഹാറിൽ ആരംഭിച്ച പ്രക്ഷോഭം ഏഴ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം കനക്കുന്ന ബിഹാറിൽ ഉപമുഖ്യമന്ത്രി റെണു ദേവിയുടെയും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജെയ്വാളിന്റെ വീടുകൾക്ക് നേരെ കല്ലേറുണ്ടായി. സംസ്ഥാനത്തെ നിരവധി ബിജെപി ഓഫീസുകൾ ഇതിനോടകം തന്നെ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രക്ഷോഭകാരികൾ അഞ്ച് ട്രെയിനുകൾക്ക് തീവെക്കുകയും റെയിൽവെ സ്റ്റേഷനുകൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ബിഹാറിലെ 12 ജില്ലകളിൽ ഇൻറർനെറ്റ് വിച്ഛേദിച്ചു. ഞായറാഴ്ച വരെ ഇതു തുടരും. അലിഗഡിലെ ജട്ടാരിയയിൽ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനവും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ബിഹാറിലെ മഥേപുരിയൽ ബിജെപി ഓഫീസിൽ അഗ്നിപഥ് പ്രതിഷേധക്കാർ തീയിട്ടു.
ബിഹാറിനും യുപിക്കും പുറമെ മധ്യപ്രദേശിലും ഹരിയാനയിലും പശ്ചിമബംഗാളിലെ വിവിധയിടങ്ങളിലും ഇന്ന് പ്രതിഷേധം നടന്നു . സംഘർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ബിഹാർ ഹരിയാന യുപി സംസ്ഥാനങ്ങളിൽ വലിയ സുരക്ഷ ഏർപ്പെടുത്തിയുട്ടുണ്ട്. ഹരിയാനയിൽ പലയിടങ്ങളിലും ഇൻറർനെറ്റ്, മെസേജ് സേവനങ്ങൾ റദ്ദാക്കി.
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തു. ട്രെയിനുകൾക്ക് നേരെ കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. അഗ്നിപഥിനെ ചൊല്ലി വടക്കേ ഇന്ത്യയിൽ പ്രതിഷേധം ശക്തമാണെങ്കിലും ഇതുവരെ തെക്കേ ഇന്ത്യയെ ബാധിച്ചിരുന്നില്ല.