മണിപ്പൂരിൽ പോകാത്ത മോദിയാണ് കേരളത്തിൽ നാലുതവണ എത്തിയതെന്ന് വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി രംഗത്ത്. മോദിയുടെ ഗാരന്റിയും പഴകിയ ചാക്കും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോദിക്കും തോൽവിയുടെ ഭീതി വന്നുതുടങ്ങിയതുകൊണ്ടാണ് ഉറക്കെ സംസാരിച്ച് പലതും വിളിച്ചുപറയുന്നത്. ‘ഇന്ത്യ’ സംഖ്യത്തിന്റെ മുന്നേറ്റത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് ഉറപ്പായ കേരളത്തിലേക്ക് നാലാംതവണയും പ്രധാനമന്ത്രി വന്നത്. ഭയംകാരണമാണ് കഴിഞ്ഞ ഒരുവർഷമായി മണിപ്പൂരിലേക്കും അദ്ദേഹം പോകാതിരുന്നത്. മൂന്നുവട്ടം കലാപഭൂമിയിലെത്തിയ തനിക്ക് മണിപ്പൂർ ഇപ്പോഴും ശാന്തമല്ലെന്ന് അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മത്സരിക്കുന്നത് ‘ഇന്ത്യ’ സംഖ്യത്തിനുവേണ്ടി ശബ്ദമുയർത്താനാണ്. കേന്ദ്രത്തിൽ തൂക്കുസഭ വന്നാൽ കോൺഗ്രസിൽനിന്ന് ജയിച്ചുപോയവരെ അദാനിമാർക്ക് വിലകൊടുത്തുവരെ വാങ്ങാനാവും. ബി.ജെ.പിക്കെതിരേ ലോക്സഭയിൽ ധൈര്യത്തോടെ ഇടപെടാൻ എൽഡിഎഫ് എംപി മാർക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരുകാലത്ത് കൊടിക്കുവേണ്ടി സമരം നടത്തിയവർക്ക് ഇന്ന് വയനാട്ടിൽ കൊടികെട്ടാൻ പേടിയാണെന്നും കേരളത്തിൽ കോൺഗ്രസ് ജയിച്ചാൽ ‘ഇന്ത്യ’ സഖ്യത്തിനുവേണ്ടി കൈ ഉയർത്തുമെന്ന് എന്തുറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട് പ്രസ് ക്ലബ്ബിൽ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് ദീർഘവീക്ഷണമുണ്ടായിരുന്നെങ്കിൽ വയനാട്ടിലേക്ക് രാഹുൽഗാന്ധിയെ പറഞ്ഞയിക്കില്ലായിരുന്നു. ആർക്കെതിരേയാണ് മത്സരിക്കേണ്ടതെന്ന് കോൺഗ്രസിന് അറിയാതായി. ഏറ്റവുംകൂടുതൽ മണ്ഡലങ്ങളുള്ള ഉത്തരേന്ത്യൻ സംസ്ഥാനത്താണ് രാഹുൽഗാന്ധി മത്സരിക്കേണ്ടിയിരുന്നത്.
ബാബറി മസ്ജിദ് മറ്റൊരിടത്തേക്ക് മാറ്റിവെക്കാനാവുമായിരുന്നു എന്ന തരൂരിന്റെ പ്രസ്താവന മനസ്സിലാകുന്നില്ലെന്നും കോൺഗ്രസിന്റെ നിലപാടില്ലാത്ത അവസ്ഥയെയാണ് തരൂർ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.