പാലക്കാട്: ഇന്ത്യൻ ചരിത്രത്തിന്റെ ബഹുസ്വരതയോട് നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണ കൂടത്തിന്നെതിരെ വിദ്യാർത്ഥികൾ കാലത്തിന്റെ ശബ്ദമായി മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പട്ടാമ്പിയിൽ എ ഐ എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയും നടക്കുന്ന അനീതിക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ എ ഐ എസ് എഫിന്റെ സാംസ്‌കാരിക പാരമ്പര്യം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികൾ പ്രതികരിക്കണം.
വിയറ്റ് നാം അധിനി വേശ കാലത്ത് ഇന്ത്യൻ തെരുവുകളിൽ ഉയർത്തിയ ‘മേരാ നാം വിയറ്റ്‌നാം തേരാ നാം വിയറ്റ്‌നാം’ എന്ന മുദ്രാവാക്യം ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികൾ ഏറ്റെടുത്തിരുന്നു.
ദേശീയ-സാർവദേശീയ പ്രശ്‌നങ്ങളിൽ സുചിന്തിതവും ആശയവ്യക്തതയോടുകൂടിയും നിലപാടുകൾ ഇനിയും സ്വീകരിക്കേണ്ടതുണ്ട്. വർഗീയത പ്രചരിപ്പിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് ഭരണ കൂടം തന്നെ നേതൃത്വം കൊടുക്കുമ്പോൾ മത നിരപേക്ഷതയിലൂന്നിയുള്ള ജനകീയ പ്രതിരോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി നിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്നും പഠനവും പോരാട്ടവും മുഖ മുദ്രയാക്കി മുന്നോട്ട് പോകാൻ എ ഐ എസ് എഫ് പ്രവർത്തകർക്ക് കഴിയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.