സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ പുനപ്രസിദ്ധീകരിക്കുന്നത്.
എഐവൈഎഫിൽ ഞാൻ സെക്രട്ടറിയായിട്ട് പ്രവർത്തിച്ചത് ആറു മാസക്കാലം മാത്രമാണ്. ആ സമയത്തെ ഏറ്റവും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചത് നിലയ്ക്കൽ വിഷയത്തിലായിരുന്നു. സമൂഹത്തിൽ മതസ്പർദ്ധയുണ്ടാക്കാനുളള നീക്കം നടന്നിരുന്നു. എസ്എഫ് ആ കാലയളവിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ നവോത്ഥാനത്തിന്റെ കേന്ദ്രങ്ങളിലേക്ക് യുവാക്കളുടെ മാർച്ചും ആ സംഗമ സ്ഥലത്ത് വച്ച് സ്വന്തം ചോരക്കൊണ്ട് വിരൽ പതിപ്പിച്ച ഒപ്പിടുകയും ചെയ്തു. അത് എഐവൈഎഫിനെ അടിമുടി ആവേശം കൊളളിക്കുന്ന ഒന്നായിരുന്നു. എഐവൈഎഫ്- എഐഎസ്എഫ് സംഘടിപ്പിച്ച കാൽനട യാത്രയും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. എവിടെയാണോ അവസാനിക്കുന്നത് അവിടെ അന്തിയുറങ്ങും. വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു യാത്രയായിരുന്നു അത്. അയൽ വീടുകളിലെ പൊതിചോറുകളായിലായിരുന്നു ഞങ്ങളുടെ ആഹാരം. ജനങ്ങളെ വിശ്വസിക്കാം അവരെ വിശ്വാസത്തിലെടുത്താൽ ഒരിക്കലും ചതിക്കില്ല എന്നൊരു പാഠം ഞങ്ങൾക്ക് ഈ യാത്രയിലൂടെ ലഭിച്ചിരുന്നു. വർക്കല, വൈക്കം, ഗുരുവായൂർ, പയ്യാമ്പലം എന്നീ നാലു നവോത്ഥാന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു യാത്ര. എഐവൈഎഫിന്റെ എല്ലാ കമ്മറ്റികളുടെയും പൂർണ്ണമായ പങ്കാളിത്തം ഈ ജാഥയിലുണ്ടായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത ഒരു പോരാട്ടമായി അത് മാറി. ആ കാൽനടയാത്രക്കുവേണ്ടി താനനൊരു ഗാനവും രചിച്ചിട്ടുണ്ട്.
മനുഷ്യനാണ് വലുത്
അവന്റെ ജാതിയുമല്ല മതവുമല്ല
എന്നു നിങ്ങൾ ചൊല്ലിയ
സത്യമേറ്റ് ചൊല്ലുവാൻ
നിങ്ങൾ നിന്ന ഭൂവിലേക്ക്
ഇതാവരുന്നു കൈകൾകോർത്ത്
നിങ്ങൾ തൻ കിനാക്കളെ
സത്യമാക്കിടുന്നവർ
എന്നാരംഭിക്കുന്ന ഒരു ഗാനം അന്നെഴുതി മുൻകൂട്ടി ജനയുഗത്തിൽ പ്രസിദ്ധീകരിച്ചു. ആ ഗാനമാണ് നൂറുകണക്കിനുള്ള ജാഥകളിൽ ആയിരക്കണക്കിനു പ്രവർത്തകർ ഏറ്റുപാടിയത്. അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളരെ അന്വർത്ഥമായ പാട്ടായിരുന്നു അത്. ഒരോ പ്രവർത്തകനും മറക്കാതെ നെഞ്ചിലേറ്റിയ സമരമായിരുന്നു അത്. തന്റെ പ്രക്ഷോഭ ജീവിതത്തിലെ വലിയ അനുഭവം തന്നെയായിരുന്നു അത്. പ്രക്ഷോഭത്തിന്റെ ഭാഗം സമരരൂപം രക്ത പ്രതിജ്ഞ മുദ്രാവാക്യങ്ങൾ ഭക്ഷണപൊതിയുടെ ക്യാമ്പയ്ൻ അത് സ്വീകരിക്കാൻ ഒരുക്കിയ ഒരുക്കങ്ങൾ എല്ലാം തന്റെ ജീവിതത്തിലെ പുതിയ പാഠങ്ങളായിരുന്നു.
അത് തന്നിലെ രാഷ്ട്രീയ പ്രവർത്തകനെ വളർത്തിയെടുക്കാൻ ശക്തി പകർന്ന ഒന്നായിരുന്നു. അക്കാലത്താണ് എഐവൈഎഫിന്റെ പ്രവർത്തന ഫണ്ട് സ്വരൂപിക്കണമെന്ന ആശയം മുന്നോട്ട് വരുന്നത്. സംഘടനയുടെ ദൈനംദിനപ്രവർത്തനങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യത്തിനുമായി സംഘടിതമായ പ്രവർത്തനത്തിനായി ഫണ്ട് സ്വരൂപിക്കാൻ എഐവൈഎഫ് സംസ്ഥാനകമ്മിറ്റി നേരിട്ട് മുന്നിട്ടിറങ്ങിയിരുന്നു. അന്ന് താൻ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയും സഖാവ് ജയദേവൻ പ്രസിഡന്റുമായിരുന്നു. പിന്നീട് പാർട്ടിയുടെ ശക്തമായ നിർദ്ദേശ പ്രകാരം മറ്റൊരു ചുമതല ഏറ്റെടുത്ത് തനിക്ക് മാറിനിൽക്കേണ്ടിവന്നു. അതിനുശേഷം തനിക്ക് പകരം സെക്രട്ടറി പദവിയിലേക്ക് കടന്നു വന്ന വ്യക്തിയാണ് സഖാവ് മുല്ലക്കര രത്നാകരൻ. അവർ നല്ല നിലയ്ക്ക് ഫണ്ട് പിരിവ് പൂർത്തിയാക്കി വിജയിപ്പിച്ചു. അവിടം മുതലാണ് എഐവൈഎഫിനു സ്വതന്ത്രമായി നിൽക്കാനും പ്രവർത്തിക്കാനുമുള്ള ഫണ്ട് ഉണ്ടായത്.
തമ്പാനൂരിലെ യങ്ഇന്ത്യ എന്ന ഓഫീസിലായിരുന്നു അന്ന് എഐവൈഎഫിന്റെ സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. അന്ന് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും പ്രവർത്തകർ തമ്മിലുള്ള ആത്മബന്ധം വളരെ വലുതായിരുന്നു. തങ്ങൾ ഒരുമിച്ചാണ് സമരപോരാട്ടങ്ങളിൽ നിലകൊണ്ടിരുന്നതും സംഘടനയുടെ വളർത്തിയെടുത്തതും. അന്ന് യുവജന സംഘടനയുടെ പ്രവർത്തകരെല്ലാം രണ്ട് മുറികളിലായിട്ടായിരുന്നു താമസിച്ചിരുന്നത്. എഐവൈഎഫ് കാലഘട്ടത്തിൽ തനിക്ക് കേരളത്തിൽ പ്രവർത്തിച്ച് കൊതി മാറിയിരുന്നില്ല. അപ്പോഴാണ് വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിലേക്ക് തന്നെ തെരഞ്ഞെടുക്കുന്നത്. ലോകം കാണാൻ വിവിധ രാജ്യങ്ങളിലെ മനുഷ്യരെ പരിചയപ്പെടാൻ പ്രക്ഷോഭങ്ങൾ കാണാൻ എല്ലാം സഹായിച്ച വലിയ കാലഘടമായിരുന്നു അത്. ചുരുക്കം പറഞ്ഞാൽ ഒരു മനുഷ്യൻ എന്ന നിലയ്ക്ക് തന്നിലടങ്ങിയിരുന്ന താനെന്ന ഭാവസങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചടുക്കി ഒരു യഥാർത്ഥ മനുഷ്യനിലേക്ക് തന്നെ എത്തിച്ച കാലഘട്ടം തന്നെയായിരുന്നു തന്റെ യുവജന സംഘടന കാലഘട്ടം.
ഒരു രാഷ്ട്രീയത്തിൽ ഉറച്ച് നിൽക്കുമ്പോൾ മറ്റുള്ളവരെ വിലകുറച്ച് കണ്ടിരുന്ന നിമിഷമെല്ലാം മാറി എല്ലാവരെയും പരിഗണിക്കുകയും എല്ലാവരുടെ വാക്കുകൾക്കും ചെവികൊടുക്കുകയും എല്ലാ ആശയങ്ങളെ കുറിച്ചും പഠിക്കുകയും ചെയ്യണമെന്ന ചിന്ത ഉണർത്തിയ കാലഘട്ടമായിരുന്നു വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടം. അത് വരെ ഉള്ളതിനേക്കാളും ഒരു വലിയ മനസുമായിട്ടായിരുന്നു താൻ തിരിച്ചുവരുന്നത്. മറ്റ് രാജ്യങ്ങളിലെ ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തികളെ കണ്ടപ്പോൾ അവരുടെ പെരുമാറ്റവും രീതികളും എത്രയോ സാധാരണത്വം നിറഞ്ഞതായിരുന്നു. പദവികൾ ലഭിക്കുന്നതോടെ ഒരാൾക്കും മറ്റുള്ളവരിൽ നിന്നും ഉയർന്നതായുള്ള ചിന്ത ഉണ്ടായിക്കൂടാ എന്ന കമ്മ്യൂണിസ്റ്റ് ബോധത്തോടെ ജീവിച്ച ഒരുപാടുപേരെ കണ്ടത് ആ കാലഘട്ടിത്തിലാണ്. എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും കാലഘട്ടത്തിലെ ബന്ധങ്ങളും ഇപ്പോഴും നിലനിൽക്കുന്ന സൗദങ്ങൾ അതിന്റെയെല്ലാം ഊഷ്മളത അതെല്ലാമാണ് എന്നെ ഞാനാക്കി മാറ്റിയത്.
യുവാക്കളെ എപ്പോഴും ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സഖാവ്. യുവജന സംഘടനകളുടെ പ്രവർത്തനങ്ങളെ എങ്ങനെ നോക്കി കാണുന്നു
എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും സഖാക്കൾ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. പക്ഷെ ഇത്രയും പോരാ എന്ന അഭിപ്രായം തനിക്കുണ്ട്. ഇന്നത്തെ കാലഘട്ടം ഏത്രയോ വെല്ലുവിളികൾ നിറഞ്ഞതാണ്. അതിനെ നേരിടുമ്പോൾ ശരാശരിയുള്ള സാധാരണപ്രവർത്തനം കൊണ്ട് മാത്രം കാര്യമില്ല. അതിജീവിക്കാൻ സാധിക്കാത്ത രൂക്ഷമായ വെല്ലുവിളിക്ക് മുമ്പിൽ രാജ്യം നിൽക്കുകയാണ്. നമ്മുടെ കടമകൾ ഉയർന്നു വരുകയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ആ കടമകൾ പൂർത്തീകരിക്കാൻ നമുക്ക് ഇന്നുള്ള ശേഷി പോരാ. അതിനേ നേരിടാൻ നമുക്ക് ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ആ വളർച്ച എന്നത് എണ്ണത്തിലുള്ള വളർച്ചയല്ല. നമ്മുടെ ദൗർഭാഗ്യമെന്നത് യൂണിറ്റ് അടിസ്ഥാനത്തിൽ നമുക്ക് സംവിധാനം ഇല്ല എന്നതാണ്.
ഞങ്ങളുടെ കാലഘട്ടത്തേക്കാൾ എത്രയോ മികച്ച രീതിയിലാണ് ഇന്ന് എഐവൈഎഫ് പ്രവർത്തിക്കുന്നത്. ധീരതയിലും പ്രവർത്തനങ്ങളിലും ഇന്നത്തെ എഐവൈഎഫ് എന്ന പ്രസ്ഥാനം ഏറെ ഉയരെ തന്നെയാണ്. എന്നാൽ ഇന്നത്തെ പരിമിതി തഴെ ഘടകങ്ങളെ പറ്റിയുള്ള ഒരു ചിന്ത ഉയർന്നു വരണ്ടത് ഗൗരവമേറിയ കാലമാണ്. എഐവൈഎഫിന്റെ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും വളരെ ഏറെ ശക്തമാണ്. മണ്ഡലം തലത്തിൽ പ്രവർത്തനങ്ങൾ പരിമിതപ്പെട്ടു. അതിനു താഴേയ്ക്ക് പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. എഐവൈഎഫും എഐഎസ്എഫും എല്ലാ സ്ഥലങ്ങളിലും ഉണ്ടാവണം. അതിനു ഊന്നൽകൊടുക്കണം. സംഘടന പ്രവർത്തനങ്ങളുടെ കാര്യങ്ങൾ നിശ്ചയിക്കുമ്പോൾ പ്രഥമ പരിഗണന കൊടുക്കേണ്ടത് താഴെ ഘടകങ്ങളിലേക്ക് പ്രവർത്തനങ്ങൾ എത്തിചേരണമെന്നതാണ്. എഐഎസ്എഫ് തൊട്ട് അനുഭവങ്ങളൊരുപാടുള്ള തന്റെ ഒരു ജേഷ്ഠ സഹോദരന്റെ അഭിപ്രായമായിട്ട് പ്രവർത്തകർ ഇത് സ്വീകരിക്കണം.
ഇതിൽ മറ്റൊരു വിഷയം ആശയ സമരമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കമുള്ള ഇടതുപക്ഷ പാർട്ടിക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആശയ സമരം. ആശയ സമരം ഏറ്റവും കൂടുതൽ ഉയർന്നു വരേണ്ട ഈ കാലഘട്ടത്തിൽ നമ്മളും നമ്മടെ കേഡർമാരെ ആശയത്തിന്റെ ആയുധങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ വേണ്ടത്ര വിജയിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇടതു പക്ഷവും വലതു പക്ഷവും തമ്മിലുള്ള വ്യത്യാസം അക്ഷരങ്ങളിലുള്ള വ്യത്യാസമല്ല അത് ആശയങ്ങളിലേ വ്യത്യാസമാണ് എന്ന തിരിച്ചറിവ് ഉണ്ടാവണം. ചിന്തയിലും വിശ്വാസത്തിലും ജീവിത ശൈലിയിലും സംസ്കാരത്തിലും എല്ലാ കാര്യത്തിലും ഇടതുപക്ഷം വ്യത്യസ്തമാണ് എന്ന ബോധ്യമുണ്ടാവണം. വ്യത്യസ്തമാണ് എന്ന് പറഞ്ഞാൽ മാത്രം പോരാ ആ വ്യത്യസ്തത എന്തെന്നറിയണം.അത് എങ്ങനെ നമ്മുക്ക് ഉയർത്തിപ്പിടിക്കാനാവുമെന്ന ബോധ്യമുണ്ടാവണം ജനങ്ങളെ എങ്ങനെ ഈ ബോധ്യത്തിന്റെ പങ്കാളികളാക്കാൻ പറ്റുമെന്ന ധാരണയുണ്ടാവണം. ആ വഴിക്ക് നമ്മൾ ആശയ സമരത്തിന്റെ രംഗത്ത് ഇന്നുള്ള ദൗർബല്യങ്ങളെ അടിയന്തരമായും തീർത്തില്ലയെങ്കിൽ എഐവൈഎഫിനും എഐഎസ്എഫിനും മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഇന്നത്തെ കാലത്ത് തൃപ്തികരമായി തങ്ങലുടെ മേലുള്ള കർത്തവ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരും. അതുകൊണ്ട് ഗൗരവപൂർണമായ കടമയായി നമ്മൾ ഇതിനെ കാണുകയും ബോധപൂർവം സമയം കണ്ടെത്തുകയും വേണം.
സോഷ്യൽ മീഡിയ ഇന്നത്തെ കാലഘട്ടത്തിലെ യാഥാർത്ഥ്യമാണ്. സോഷ്യൽ മീഡിയയുടെ എല്ലാ വശങ്ങളെയും വലതുപക്ഷ കക്ഷികൾ വലിയ രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത്. ബിജെപി- ആർഎസ്എസ് അതൊരു ചതിനിലയമാക്കുകയാണ്. നമ്മുടെ ആശയങ്ങളെയും അഭിപ്രായങ്ങളെയും ജനങ്ങളിലേക്കെത്തിക്കുന്നതിനായി നവമാധ്യമങ്ങളിലെ ശാസ്ത്രീയപരമായും ഭാവനാത്മകമായും പ്രയോജനപ്പെടുത്തണം. യുവജനങ്ങളുടെ കഴിവ് നവമാധ്യമങ്ങളിലൂടെ പാർട്ടിയെ വളർത്താൻ ഉപയോഗിക്കണം. ആയിരക്കണക്കിനാളുകൾ ഇതിനായി മുന്നിട്ടിറങ്ങണം.
എഐവൈഎഫ് എന്നത് ഒരു ബഹുജന പ്രസ്താനമാണ്. അത് രാഷ്ട്രീയ പാർട്ടിയുടെ വാലാവാൻ പാടില്ല. നമുക്ക് വേണ്ടത് ജീവനുള്ള സാമൂഹിക ബന്ധമുള്ള ജനങ്ങൾക്കിടയിൽ വേരുള്ള ചെറുപ്പക്കാർക്ക് ആദരവുള്ള ഒരു എഐവൈഎഫ് ഉണ്ടാക്കിയെടുക്കണം.