Monday, November 25, 2024
spot_imgspot_img
HomeKeralaബിജെപിയുടെ ഗോത്ര, സ്ത്രീ, ന്യൂനപക്ഷ വിരുദ്ധത മുർമുവിന്റെ മഹത്വംകൊണ്ട് മായില്ല ബിനോയ് വിശ്വം എംപി

ബിജെപിയുടെ ഗോത്ര, സ്ത്രീ, ന്യൂനപക്ഷ വിരുദ്ധത മുർമുവിന്റെ മഹത്വംകൊണ്ട് മായില്ല ബിനോയ് വിശ്വം എംപി

തിരുവനന്തപുരം: ബിജെപിയുടെ എട്ട് വർഷത്തെ ഭരണത്തിലൂടെ പ്രതിഫലിച്ച ഗോത്ര, സ്ത്രീ, ന്യൂനപക്ഷ വിരുദ്ധതയെന്ന പാപത്തിന്റെ കളങ്കം ദ്രൗപദി മുർമു എന്ന മഹത്വം കൊണ്ട് മാഞ്ഞുപോകില്ലെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. എൻ ഇ ബാലറാം, പി പി മുകുന്ദൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാർ മാത്രമെ ഈ സത്യം ശക്തമായി പറയാനുള്ള ആർജവം കാണിക്കുകയുള്ളുവെന്നും ഇത്തരം ചിന്തകൾ പകർന്ന് കിട്ടിയത് എൻ ഇ ബാലറാം, പി പി മുകുന്ദൻ എന്നിവരെപ്പോലുള്ള മഹത് വ്യക്തിത്വങ്ങളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധിയായി മുർമുവിനെ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചതെന്നത് വ്യക്തമാണ്. ആദിവാസികളുടെ ജീവിതപ്രശ്നങ്ങൾ വരുമ്പോഴും ദളിതരുടെയോ ന്യൂനപക്ഷ വിഭാഗങ്ങളുടെയോ കാര്യം വരുമ്പോഴും മുഖംതിരിക്കുന്നവരാണ് ബിജെപിയെന്നത് എത്രയോ തവണ തെളിയിച്ചിരിക്കുന്നു. അഞ്ചുവർഷങ്ങൾക്ക് മുമ്പ് ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോൾ പല പ്രഖ്യാപനങ്ങളും പ്രതീക്ഷകളും നൽകിയിരുന്നു. വീണ്ടും ആദിവാസികളെയും നാടിനെയും വഞ്ചിക്കുവാനുളള തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ ചരിത്രം മോഡിയെക്കുറിച്ച് പറയുന്നത് ‘ഹാ കഷ്ടം’ എന്ന് മാത്രമായിരിക്കും.

ഇനി വരുന്ന 40 വർഷങ്ങൾ തങ്ങളുടേതാണെന്നും ഒരു ലക്ഷം ശാഖകൾ ഉണ്ടാക്കാൻ പോകുന്നുവെന്നുമാണ് ആർഎസ്എസ് പറയുന്നത്. ഇത് വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. രാജ്യത്ത് കോടാനുകോടി സ്ത്രീകളിൽ ഒരാള്‍ പോലും ആർഎസ്എസ് അംഗമല്ല. സ്ത്രീകൾക്ക് ആർഎസ്‌എസിൽ അംഗത്വം കൊടുക്കാത്തതിന് കാരണം ചോദിക്കുമ്പോഴുള്ള മറുപടി അവർക്ക് പ്രവർത്തിക്കാൻ രാഷ്ട്രീയ സേവിക സംഘ് ഉണ്ടെന്നാണ്. ഇതിൽ നിന്ന് തന്നെ അവരുടെ സ്ത്രീ വിരുദ്ധത വ്യക്തമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

സംവാദങ്ങളെ ഇടതുപക്ഷം ഭയപ്പെടാൻ പാടില്ലെന്നാണ് എൻ ഇ ബാലറാം പഠിപ്പിച്ചത്. മുകുന്ദേട്ടൻ സാധാരണ മനുഷ്യനായിരുന്നുവെങ്കിലും അസാധാരണമായ ധൈര്യവും കരുത്തും അദ്ദേഹത്തിൽ പ്രതിഫലിച്ചിരുന്നുവെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. പരിപാടിയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എം പി സ്വാഗതം പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares