തൃശൂർ: പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് എന്തുകൊണ്ട് ബിജെപി ഭഗത് സിങ് ദിനമോ അംബേദ്കർ ദിനോ കണ്ടെത്താതെ പകരം, സവർക്കർ ദിനം തന്നെ കണ്ടെത്തിയതെന്ന ബിനോയ് വിശ്വം എംപി. എന്തുകൊണ്ട് സുഭാഷ് ചന്ദ്രബോസിനെ ഓർത്തില്ല. എന്തേ നിങ്ങൾ തെരഞ്ഞുപിടിച്ച് സവർക്കറെ മാത്രം ഓർത്തു? ആരാണ് ഈ സവർക്കർ? ബ്രിട്ടീഷുകാർക്ക് പലവട്ടം മാപ്പെഴുതിയ വഞ്ചകനാണ്.പാർലമെന്റ് ഉദ്ഘാടന ദിനം മഹാ സൗധത്തിന്റെ ഉദ്ഘാടന ദിനമല്ല, എല്ലാ ഭരണഘടന മൂല്യങ്ങളെയും ചരിത്രത്തെയും വഞ്ചിക്കാനായി ഒരു സർക്കാർ കാണിച്ച കൊടും ചതിയുടെ ദിനമായിരിക്കും.
ഈ സവർക്കറെയാണ് നിങ്ങൾക്ക് പ്രിയങ്കരമെങ്കിൽ ഞങ്ങൾക്കാ വഴി വേണ്ട. നിങ്ങളുടെ വഴിയാണത്. നിങ്ങൾ ഒറ്റുകരാണാണ്. മഹത്തായ പോരാട്ടങ്ങളെ ഒറ്റുകൊടുത്തതാണ്. സ്വതന്ത്ര സമരം രാഷ്ട്രീയമാണെന്ന് പറഞ്ഞ് മാറിനിന്ന ആളുകളാണ് ആർഎസ്എസ് എന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരുടെ പതക്കം വാങ്ങി നെഞ്ചിൽ കുത്തിയ ആർഎസ്എസിന്റെ വഴിയല്ല ഇന്ത്യയുടെ വഴി. ശരിയുടെ വഴികളാണ് എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയും എഐവൈഎഫും ഉയർത്തി പിടിക്കുന്നത്.
ഇന്ത്യയ്ക്ക് അധികാരത്തിന്റെ പ്രതീകമുണ്ടെങ്കിൽ അത് ചെങ്കോലല്ല, ഭരണഘടനയാണ്. വി ദി പീപ്പിൾ എന്നാരംഭിക്കുന്ന ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു.
സമരം തീഷ്ണമായിരിക്കും. അത്രയും വലുതാണ് വെല്ലുവിളി.പക്ഷേ നമ്മൾ പിന്നോട്ടുപോകില്ല.കാരണം നമ്മൾ ഭഗത് സിങിന്റെ പിൻമുറക്കാരാണ്- അദ്ദേഹം പറഞ്ഞു.