ബിനോയ് വിശ്വം/വീണാ രാജ്
ബിജെപിയുടെ ലക്ഷ്യം വര്‍ഗീയ വിഭജനമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. അവര്‍ ലക്ഷ്യം വയ്ക്കുന്നത് ഭിന്നിപ്പിക്കലാണെന്നും ജനങ്ങളെ മതവും വര്‍ഗീയതയും പറഞ്ഞ് തമ്മിലടിപ്പിക്കലാണെന്നും യങ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ബിനോയ് വിശ്വം പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി
നമ്മള്‍ പാര്‍ലമെന്റില്‍ പോകുന്നത് വെറുതെയിരിക്കാന്‍ വേണ്ടി അല്ലല്ലോ. ജനങ്ങളുടെ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയല്ലെ. അതു പറയുമ്പോള്‍ ശക്തമായി തന്നെ പറയണം. അവിടെ എണ്ണം നോക്കിയിട്ടു കാര്യമില്ല. എണ്ണം നോക്കിയാല്‍, ഇടതുപക്ഷം തീരെ ചെറുതാണ്. സന്തോഷ് കുമാര്‍ വരും വരെ സിപിഐ ഏകാംഗമായിരുന്നു. സന്തോഷ് വന്നപ്പോള്‍ രാജ്യസഭയില്‍ സിപിഐയുടെ രണ്ട് പേരായി. സിപിഐയും സിപിഐഎമ്മും കൂടെകൂടിയാലും വലിയ സംഖ്യാ ബലമില്ല രാജ്യസഭയില്‍ ഇടതുപക്ഷത്തിന്. ഇടതുപക്ഷം ചെറുതാണ് എണ്ണംക്കൊണ്ട്. പക്ഷെ എന്റെ വിശ്വാസം, പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളെ, നടപടിക്രമങ്ങളെ നിരീക്ഷിക്കുന്ന ഏതൊരാളും പറയും, എണ്ണം കൊണ്ട് ചെറുതാണെങ്കിലും ഇടതുപക്ഷം പാര്‍ലമെന്റിലെ നിഷേധിക്കാനാവാത്ത സാനിധ്യമാണ്. അത് ആരുടെയെങ്കിലും വ്യക്തിപരമായ കേമത്തം കൊണ്ടല്ല. താനും സന്തോഷും അടക്കമുള്ള ഇടതു പ്രതിനിധികളുടെ കേമത്തം കൊണ്ടല്ല.
ഇടതുപക്ഷത്തെ ഇടതുപക്ഷം ആക്കുന്ന രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിനു ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അങ്ങനെ പെരുമാറാനേ പറ്റു. എന്നു പറഞ്ഞാല്‍, ഉത്തരവാദിത്തബോധം കാണിച്ചുകൊണ്ട്, ജനകീയ വികാരങ്ങളും പ്രശ്‌നങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, നാടിന്റെ ഉത്തമ താല്‍പര്യങ്ങളെയെല്ലാം പ്രതിഫലിപ്പിച്ചുകൊണ്ട്. അനീതികളെ നട്ടെല്ലുവളക്കാതെ ചോദ്യ ചെയ്തുകൊണ്ട്, നീതിക്കുവേണ്ടിയും വെളിച്ചത്തിനു വേണ്ടിയും നന്മയ്ക്കു വേണ്ടിയും പോരാടിക്കൊണ്ട് മാത്രമേ ഇടതുപക്ഷത്തില്‍പ്പെട്ടൊരാള്‍ക്ക് ഇന്നത്തൊരു ഇന്ത്യയില്‍ പാര്‍ലമെന്റിലായാലും പുറത്തായാലും പ്രവര്‍ത്തിക്കാന്‍ പറ്റു. ആ ചുമതല തങ്ങള്‍ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ തങ്ങളെ പഠിപ്പിച്ചത് താന്‍ പറയും തങ്ങളുടെ പ്രത്യയയശാസ്ത്രമാണെന്ന്. അങ്ങനെ ഉറച്ചുനില്‍ക്കാനും പോരാടും സമരവേദിയായി ഈ നിയമനിര്‍മ്മാണ സഭയെ മാറ്റാനും താനടക്കമുള്ളവരെ പഠിപ്പിച്ചത് എഐഎസ്എഫും എഐവൈഎഫുമാണ്. അത് എനിക്ക് വെറുതെ അങ്ങനെ പറഞ്ഞ് പോകാനവുന്നില്ല. അതു പറയുമ്പോള്‍ തനിക്ക് വൈകാരികമായ തള്ളിക്കയറ്റം ഉണ്ടാകും. എന്റെ മനസിലൊരു വികാര വിക്ഷുപ്തതയുണ്ടാകും. ഒരു വേലിയേറ്റമുണ്ടാകും… പഴയ ഓര്‍മ്മകളുടെ, അനുഭവങ്ങളുടെ ആവേശത്തിന്റെ തള്ളിച്ചയുണ്ടാകും… അക്ഷരാര്‍ത്ഥത്തില്‍ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സന്തതിയാണ് ഞങ്ങളെല്ലാവരും. അന്ന് ഞങ്ങളെ എഐഎസ്എഫും എഐവൈഎഫും ഒരുപാട് മൂല്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. എന്താണ് മൂല്യങ്ങള്‍? ഇന്നത്തെ കാലത്ത് മൂല്യമെന്നു പറഞ്ഞാല്‍ വിലയാണ്, പണമാണ്. എന്നാല്‍ അങ്ങനല്ല മൂല്യമെന്നാല്‍ നിലപാടാണ്. ശരികളുടെ പോരാട്ടമാണ് എന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയ മൂല്യബോധത്തിന്റെ പാഠശാലയാണ് എഐഎസ്എഫും എഐവൈഎഫും. അതുകൊണ്ട് ഞങ്ങള്‍ എന്താണോ അത് ഞങ്ങളെ ആക്കിയത് എഐഎസ്എഫും എഐവൈഎഫും പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്.
കേരളത്തെ ബിജെപിക്ക് ഭയമാണ്
കേരളത്തെ അവര്‍ക്ക് ഭയമാണ്. ബിജെപി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ എല്ലാത്തിന്റെയും മറുവശമെന്താണെന്ന് അവര്‍ക്ക് തന്നെ അറിയാം. അവര്‍ക്ക് വേണ്ടത് വര്‍ഗീയ വിഭജനമാണ്, കീഴടക്കലാണ്, ഭിന്നിപ്പിക്കലാണ്. അവര്‍ക്ക് വേണ്ടത് ജനങ്ങളെ മതവും വര്‍ഗീയതയും പറഞ്ഞ് തമ്മിലടിപ്പിക്കലാണ്, സാമ്രാജ്യത്വ സാമ്പത്തിക നയത്തിന്റെ അടിമകളാക്കി ഇന്ത്യക്കാരെ മാറ്റുകയാണ്. അവര്‍ക്ക് വേണ്ടത് പൊതുമുതല്‍ വിറ്റുതുലയ്ക്കുകയാണ്, തൊഴിലില്ലായ്മയെ പറ്റിയോ വിലവര്‍ദ്ധനവിനെപറ്റിയോ ആരും മിണ്ടാതെ നില്‍ക്കലാണ്. അങ്ങനെ അവര്‍ക്കെന്തെല്ലാമാണോ വേണ്ടത് അതിന്റെ എല്ലാം മറുഭാഗത്താണ് ഇടുതുപക്ഷം നിലനില്‍ക്കുന്നത്. കേരളം അവര്‍ ഇന്ത്യയ്ക്ക് മുകളില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന എല്ലാ ഇരുട്ടിന്റെയും താല്‍പ്പര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വെളിച്ചം വെളിച്ചം എന്നു പറയുകമാത്രമല്ല, ആ വെളിച്ചത്തിന്റെ വഴിക്കാണിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ്. അത് അമിത് ഷാക്ക് അറിയാം. അതുകൊണ്ട് എല്ലാ ഘട്ടങ്ങളിലും അവര് കേരളത്തില്‍ നിന്നുള്ള ഞങ്ങളാരെങ്കിലും കഴമ്പുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ എതിര്‍ക്കുന്നത്. ഞങ്ങള്‍ക്ക് എണ്ണം കുറവായതുകൊണ്ട് ഞങ്ങള്‍ക്കുകിട്ടുന്ന സമയം കുറവായിരിക്കും. പക്ഷേ, ആ കുറഞ്ഞ സമയം കൊണ്ട് ഞങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ കാതലുണ്ട്, കഴമ്പുണ്ട്. ഇന്ത്യ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പലതുമുണ്ടെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് എല്ലായിപ്പോഴും അവര്‍ക്ക് അതിന്റെ ഒരു പിരിമുറക്കമുണ്ടാകും. സംഘര്‍ഷവും ചില വൈരാഗ്യവുമുണ്ടാകും. അത് പുതിയ കാര്യമല്ല. ഒരിക്കലും അത് യാദൃശ്ചികവുമല്ല.
ചിലപ്പോള്‍ ചില സംഭാഷണങ്ങളില്‍ ബിജെപിയിലെ വിഷം കുറഞ്ഞവര്‍, വിഷം കുറഞ്ഞവരും വിഷം കൂടിയവരുമുണ്ട് ബിജെപിയില്‍. ആ വിഷം കുറഞ്ഞവര്‍, പറയാറുണ്ട് നിങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഞങ്ങള്‍ക്ക് നിങ്ങളെ അവഗണിക്കാന്‍ കഴിയില്ല. കാരണം, നിങ്ങള്‍ക്കൊരു ഐഡിയോളജിയുണ്ട്. വേറെ പ്രതിപക്ഷത്തുളള ആര്‍ക്കും ആ ഐഡിയോളജിക്കല്‍ വ്യക്തതയില്ല. ഐഡിയോളജിയുടെ വ്യക്തത കൊണ്ടാണ് അതിന്റെ ശക്തിക്കൊണ്ടാണ് നിങ്ങള്‍ എണ്ണത്തില്‍ കുറവായിരിക്കുമ്പേഴും നിങ്ങള്‍ ഞങ്ങള്‍ക്ക് ഇത്രയും ഫലപ്രദമായ ഒരു പ്രതിബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയാമെന്ന്. ഞങ്ങളോടുളള വിമര്‍ശനം പറയുമ്പോഴും ഞങ്ങളെ പറ്റി ഉളളിന്റെ ഉളളില്‍ അവഗണിക്കാന്‍ പറ്റാത്തവരാണെന്ന ബോധ്യം അവര്‍ക്കുണ്ട്. കാരണം, ബിജെപി ആര്‍എസ്എസ് നയത്തിന്റെ അടിസ്ഥാനം മറ്റൊരു ഐഡിയോളജിയാണ്. ഇടതുപക്ഷക്കാരെ ഇടതുപക്ഷമാക്കുന്ന ഒരു ഐഡിയോളജി പോലെ തന്നെ അവരെ അവരാക്കുന്ന ഒരു ഐഡിയോളജിയുണ്ട്. അത് കമ്മ്യൂണിസ്റ്റ് ഐഡിയോളജിയുടെ നേരെ വിപരീതമായിട്ടുളള ഫാസിസ്റ്റ് ഐഡിയോളജിയാണ്. അവര്‍ സമ്മതിക്കുന്നില്ലെങ്കിലും.
ഹിന്ദുത്വവും ഹിന്ദു മതവും തമ്മില്‍ യാതാരു ബന്ധവുമില്ല
ഹിന്ദുത്വ എന്ന ഓമനപ്പേരിട്ട് അവര്‍ വിളിക്കുന്ന ആ ഐഡിയോളജി വാസ്തവത്തില്‍ ഹിറ്റ്‌ലറുടെ ഫാസിസത്തിന്റെ ഇന്ത്യന്‍ പ്രതീകം മാത്രമാണ്. ഇന്ത്യയിലെ അതിന്റെ പ്രതിരൂപമാണ് ഹിന്ദുത്വ വാദം. ആ ഹിന്ദുത്വവാദത്തിന് സത്യത്തില്‍ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. ശബ്ദത്തിലെ സാദൃശ്യമല്ലാതെ ഹിന്ദുത്വവും ഹിന്ദുമതവും തമ്മില്‍ യാതൊരു ബന്ധവുമില്ല.
നരേന്ദ്രമോദി നേപ്പാളിലെ ലുംബിനിയില്‍ പോയി. ശ്രീബുദ്ധന്റെ ജന്മസ്ഥലമാണ്. അവിടെ പോയി ബുദ്ധന്റെ മുന്‍പില്‍ പ്രണമിച്ചു. അവിടെ സ്മരകം പണിയാന്‍ പോകുന്നു ഇന്ത്യാ ഗവണ്‍മെന്റ്. ബുദ്ധനോട് ഇന്ത്യ സര്‍ക്കാരിനുളള ആദരവിന്റെ കഥയൊക്കെ പറഞ്ഞു. പക്ഷേ, കാപട്യം നിറഞ്ഞ ബിജെപി രാഷ്ട്രീയത്തിന്റെ പ്രകടനമായിരുന്നു മോദി അവിടെ കാഴ്ച വെച്ചത്.
വാസ്തവത്തില്‍ ഹിന്ദുത്വവും ഹിന്ദു മതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതുപോലെ തന്നെ ബുദ്ധമതവും ഹിന്ദുത്വവാദവും തമ്മില്‍ എന്താ ബന്ധം? ബുദ്ധന്റെ മുന്‍പില്‍ കുമ്പിട്ടുകൊണ്ട് ബുദ്ധിസത്തിന്റെ ബന്ധുവിന്റെ മുന്‍പില്‍ വേഷം കെട്ടിയ നരേന്ദ്ര മോദിക്ക് ഉത്തരമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഉത്തരം ഉണ്ടെങ്കില്‍ പറയണം. എന്താണ് ഹിന്ദുത്വവാദത്തിന്റെ താല്‍പര്യങ്ങളും ബുദ്ധന്‍ ഉയര്‍ത്തി പിടിച്ച ദര്‍ശനങ്ങളും തമ്മിലുളള ബന്ധം?
അവ തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്തെല്ലാം ഇരുട്ടിനെയാണോ ബ്രഹ്മണ്യത്തിന്റെ തടവില്‍ കഴിയുന്ന ഹിന്ദുത്വ വാദം ഉയര്‍ത്തി പിടിക്കുന്നത് അതിന്റെയെല്ലാം മുന്‍പില്‍ തലക്കുനിക്കാതെ പോരാടിയ നീതി ബോധത്തിന്റെ ആ കാലത്തെ പേരാണ് ബുദ്ധമതം. ബുദ്ധന്‍ ഉയര്‍ത്തി പിടിച്ച ധര്‍മ്മ സങ്കല്‍പ്പങ്ങളെല്ലാം ചാതുര്‍വര്‍ണ്യ ശക്തികളെ വെല്ലുവിളിക്കുന്നതായിരുന്നു. ചാതുര്‍വര്‍ണ്യം അടിച്ചേല്‍പ്പിച്ച എല്ലാത്തിനും വിവേചനങ്ങള്‍ക്കും എതിരായിട്ട് മനുഷ്യനെ തട്ടുകളാക്കി വേര്‍തിരിക്കുന്ന അനീതിക്ക് എതിരായിട്ട് എന്നു വേണ്ട,ബ്രാഹ്മണ്യ അധിഷ്ഠിതമായ പൂണൂല്‍ കെട്ടിവരിക്കപ്പെട്ട ഹിന്ദുമതം അക്കാലത്ത് എന്തെല്ലാം തെറ്റുകളും ഇരുട്ടുകളുമാണ് സമൂഹത്തിന് മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചത് അതിനോടെല്ലാം ഏറ്റവും ശക്തമായ ഭാഷയില്‍ എന്നാല്‍, സൗമ്യമായ ഭാഷയില്‍ സമരം ചെയ്ത നീതിയുടെ പോരാളിയായിരുന്നു വാസ്തവത്തില്‍ ബുദ്ധന്‍.
അതുകൊണ്ട് ബുദ്ധമതത്തെയും അതിന്റെ ആശയങ്ങളെയും ചാതുര്‍വര്‍ണ്യം ഭയപ്പെട്ടു.ആ ഭയപ്പാടാണ് വാസ്തവത്തില്‍ ബുദ്ധഭിക്ഷുകളെയെല്ലാം കടന്ന് ആക്രമിക്കാനും ശാരീരികമായി ഇല്ലാതാക്കാനും ബുദ്ധമതത്തെ വളരെ ആസൂത്രീതമായി തളളിമാറ്റി, അതിനെ പിറന്ന മണ്ണായ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാനുമുളള കിരാതമായ നീക്കങ്ങള്‍ക്ക് ഹിന്ദുമതത്തിലെ പിന്‍തിരിപ്പന്‍ ശക്തികള്‍ തുനിഞ്ഞത്.
ചാതുര്‍വര്‍ണ്യ മേധാവികള്‍ക്ക്, ബ്രാഹ്മണ്യ അധിപന്‍മാര്‍ക്ക് എല്ലാം ഇത്രയെറെ വാശിയും വൈരാഗ്യവുമുണ്ടാക്കിയത് ശരിക്കുപറഞ്ഞാല്‍ ബുദ്ധമതത്തില്‍ മാനവിക മൂല്യങ്ങളായിരുന്നു. അക്കാലത്തെ, ഈ സത്യം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നു മോദിയും കൂട്ടരും. ഇന്നിപ്പോള്‍, ബുദ്ധമതം ഒരു വെല്ലുവിളിയല്ല അവര്‍ക്ക്. അന്ന് വെല്ലുവിളിയായിരുന്നു. വെല്ലുവിളിയായി അവര്‍ കണ്ട കാലത്ത് ബുദ്ധമതത്തെ അത്രയും ഭയാനകമായി തന്നെ കടന്നാക്രമിച്ച് തുടച്ചു മാറ്റി. ഇന്നിപ്പോള്‍ അതിനെ ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ട് ലുംബിനിയില്‍ പോയി കുമ്പിടാനും മോദിക്കറിയാം. ഇതാണ്, ഫാസിസം ഹിറ്റ്‌ലറുടെ ജര്‍മ്മനിയും ഹിറ്റ്‌ലറുടെ ആശയങ്ങളും എല്ലാം മോദിയെ പഠിപ്പിച്ച ആര്‍എസ്എസിനെ പഠിപ്പിച്ച, ബിജെപിയെ പഠിപ്പിച്ച കാപട്യം നിറഞ്ഞ രാഷ്ട്രീയ പ്രചാരക വേലയുടെ ഒരു പ്രതിഫലനമാണ് നമ്മള്‍ കണ്ടത്.