Friday, November 22, 2024
spot_imgspot_img
HomeLatest Newsകോൺഗ്രസ് ഗാന്ധിയെയും നെഹ്‌റുവിനെയും വീണ്ടും വായിക്കണം, അയോധ്യയിൽ പോയി രാഷ്ട്രീയ ആത്മഹത്യ ചെയ്യരുത്: ബിനോയ്‌ വിശ്വം-അഭിമുഖം

കോൺഗ്രസ് ഗാന്ധിയെയും നെഹ്‌റുവിനെയും വീണ്ടും വായിക്കണം, അയോധ്യയിൽ പോയി രാഷ്ട്രീയ ആത്മഹത്യ ചെയ്യരുത്: ബിനോയ്‌ വിശ്വം-അഭിമുഖം

സച്ചിൻ ബാബു

നിലപാടുകളിലെ കണിശത, സമര മുഖങ്ങളിലെ സ്ഥിര സാന്നിധ്യം. രാഷ്ട്രീയത്തിനൊപ്പം സർഗാത്മക ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുന്ന നേതാവ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം യങ് ഇന്ത്യയുമായി സംസാരിക്കുന്നു.

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പോകണോ വേണ്ടയോ എന്ന ആശയ കുഴപ്പത്തിൽ ആണ് കോൺഗ്രസ്. ഇത്തരം നിലപാടുകൾ കൊണ്ടു കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തിനു നൽകുന്ന സന്ദേശം എന്താണ്? കോൺഗ്രസ് ബിജെപിയുടെ ബി ടീം മാത്രമായി മാറുകയല്ലേ?

ആർഎസ്എസും ബിജെപിയും പറയുന്ന രാമൻ, രാമയണം രചിച്ച വാത്മീകി എഴുതിയ രാമനല്ല. വാത്മീകിയുടെ രാമൻ എന്തായാലും പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാൻ പറയില്ല. കാരണം, ആ രാമൻ തനിക്ക് അവകാശപ്പെട്ട അധികാരം വേണ്ടെന്ന് വച്ച് കാട്ടിലേക്ക് പോയ രാമനാണ്. ആ രാമനെയാണ് രാമായണം വഴി ഇന്ത്യക്ക് അറിയാവുന്നത്. പക്ഷെ ഇവരുടെ രാമൻ പറയുകയാണ് തനിക്കൊരു അമ്പലം പണിയണം അമ്പലം പണിയുമ്പോഴേക്കും ബാബറി പള്ളി എവിടെയാണോ അത് പൊളിച്ച് അവിടെ തന്നെ പണിയണം എന്നു പറയുന്ന രാമനെ ഇന്ത്യയ്ക്ക് അറിയില്ല. നമുക്കറിയാവുന്നത് കനിവിന്റെ നിറനിലാവെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ഇന്ത്യ കണ്ട രാമൻ.

അയോധ്യ ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി മുന്നിൽ കാണുന്നത് വോട്ടാണ്. വരാൻപോകുന്ന 2024 ലെ തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ടുകൊണ്ട് ഇങ്ങനെയൊരു ക്ഷേത്ര ഉദ്ഘാടനവുമായി എല്ലാവരെയും ബിജെപി വിളിക്കുന്നത് വെറുതെയല്ല. ഇതിന്റെ പുറകിലുള്ളത് ആർഎസ്എസിന്റെ തലച്ചോറാണ്. ലക്ഷ്യം രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്.  ആ ഭിന്നതയിലൂടെ വോട്ട് നേടി മൂന്നാം വട്ടവും അധികാരം പിടിക്കാനുള്ള വലതുപക്ഷ പിന്തിരിപ്പൻ വർഗീയ  ഫാസിസ്റ്റ് പാർട്ടികളുടെ ആർത്തിയാണ് വാസ്തവത്തിൽ ഈ അയോധ്യ പ്രശ്നം.  അത് കാണാൻ കഴിയാത്ത കോൺഗ്രസ് വാസ്തവത്തിൽ ഗാന്ധിയെയും നെഹ്റുവിനെയും മറന്ന കോൺഗ്രസാണ്. ആ കോൺഗ്രസ് ഇങ്ങനെ പോയാൽ രാഷ്ട്രീയമായ ആത്മഹത്യയിലേക്ക് സ്വയം എത്തിച്ചേരും. 

അതുകൊണ്ട് കോൺഗ്രസ് മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും വീണ്ടും വായിക്കണം. തെറ്റുകൾ തിരുത്താൻ  തയ്യാറായില്ലെങ്കിൽ ഇന്ത്യയെ നയിക്കാൻ വേണ്ടി കോൺഗ്രസിനുണ്ടെന്നു പറയുന്ന ഒന്നും വഹിക്കാൻ കഴിയാതെ  ബിജെപി രാഷ്ട്രീയത്തിന് അടിമയായി പാർട്ടി മാറിപ്പോകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദുത്വ കാർഡ് ഇറക്കിയിട്ടും കോൺഗ്രസിനെ ഏറ്റ പരാജയങ്ങളിൽ നിന്ന് പാഠം ഉൾകൊള്ളണം.

കാനം രാജേന്ദ്രന്റെ പിൻഗാമി ആയിട്ടാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പെട്ടെന്നുള്ള വിയോഗം ആയിരുന്നു അദ്ദേഹത്തിന്റേത്. സഖാവ് കാനവുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു…

സഖാവ് കാനവുമായി അഗാധമായ ബന്ധമാണ് എനിക്കുള്ളത്. ഞാൻ 7-ാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ച ബന്ധമാണ് സഖാവുമായുള്ളത്. അന്ന് സഖാവ് എഐവൈഎഫിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാണ്. വൈക്കത്തെ പാർട്ടി ഓഫീസിൽ വച്ചാണ് അദ്ദേഹവുമായുള്ള ബന്ധം ആരംഭിക്കുന്നത്. മരണം വരെ ആ ബന്ധം തുടർന്നു. ഞങ്ങൾക്ക് പരസ്പരം അങ്ങേയറ്റം സ്നേഹമുണ്ടായിരുന്നു. ഞങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ചയുണ്ടായിട്ടുണ്ട്, തർക്കമുണ്ടായിട്ടുണ്ട്, വിയോജിപ്പുമുണ്ടായിട്ടുണ്ട്. ആ സാഹചര്യത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സ്നേഹം ഞങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്. ആ സ്നേഹമായിരുന്നു ആ ബന്ധത്തിന്റെ പ്രത്യേകത. ഞങ്ങളുടെ ശൈലികൾ തമ്മിൽ പരസ്പരം പൊരുത്തപ്പെടാറില്ല. അത് ഞങ്ങൾക്ക് രണ്ടാൾക്കും അറിയാം. അത് അറിഞ്ഞുകൊണ്ടാണ് ഞങ്ങൾ സ്നേഹിതൻമാരായി അവസാനം വരെ തുടർന്നത്.

സമര രംഗങ്ങളിലും പാർലമെന്ററി രംഗത്തും താങ്കൾ ഒരുപോലെ സജീവമായിരുന്നു. രണ്ടു മേഖലയിലും ഒരുപോലെ പ്രവർത്തിച്ച പരിചയം പുതിയ ചുമതലയിൽ മുതൽക്കൂട്ടാകുമോ?

സമരരംഗത്തും സംഘടന രംഗത്തുമുള്ള താൽപര്യങ്ങൾ ഒന്ന് തന്നെയാണ്. സമരങ്ങളിലൊന്നിലും കമ്യൂണിസ്റ്റുകാർ ഭീരുക്കളായിരുന്നിട്ടില്ല, അങ്ങനെ പേടിച്ചിരിക്കാനും പാടില്ല.  വിദ്യാർത്ഥി സംഘടന രംഗത്തും യുവജന സംഘടന രംഗത്തും പ്രവർത്തികുന്ന കാലത്താണ് കൊടിയ മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ളത്. പ്രത്യേകിച്ച് എഐഎസ്എഫ് കാലത്ത്. ഞാൻ എഐഎസ്എഫിലായിരുന്ന കാലത്ത് സ്റ്റുഡന്റ് സെക്രട്ടറി മുതൽ ആഖിലേന്ത്യ സെക്രട്ടറി പദവിവരെ അലങ്കരിക്കാൻ  സാധിച്ചിട്ടുണ്ട്.  ഏറ്റവും തിരിച്ചുപിടിക്കാൻ ഞാൻ ആഗ്രഹിക്കുന്ന കാലഘട്ടം എഐഎസ്എഫ് കാലമാണ്. ഓരോ ദിവസവും ഓരോ സംഭവവികാസങ്ങളും കൂടിക്കാഴ്ചകളും സമരങ്ങളുമായിരുന്നു. അവയെല്ലാം മനസ്സിലൊരു ആവേശമായി നിലനിൽക്കുന്നു. മങ്ങി പോകാത്ത ഓർമ്മകളുടെ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഇപ്പോഴും കൈയ്യിലൊരു ചോക്ക് കക്ഷണം കിട്ടിയാൽ ഞാൻ അറിയാതെ ആദ്യം എഴുതി പോകുന്നത് എഐഎസ്എഫ് എന്നാണ്. സമരങ്ങൾ എന്നും ശേഷമാണ്. എഐഎസ്എഫ് കാലത്ത് കൊടിയ മർദനങ്ങൾ ഉണ്ടായിട്ടുണ്ട്, അപ്പോഴൊക്കെ ആദ്യത്തെ അടി ഏറ്റുവാങ്ങിയിട്ടുണ്ട്. അത് കഴിഞ്ഞിട്ട് മാത്രമേ മറ്റുളളവർക്ക് മേൽ ലാത്തി വീണിട്ടുളളൂ. സമര രംഗത്ത് എസ്എഫ്ഐ സഖാകളെ രക്ഷിക്കാൻ വേണ്ടിയും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ആ സമയങ്ങളിലാണ് ഞാൻ ഏറ്റവും കൂടുതൽ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയത്. എസ്എഫ്ഐ സഖാവിനെ രക്ഷിക്കാൻ പോയതിന്റെ മുറിപാടുകൾ ഇന്നും ഈ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്.

എഐവൈഎഫിൽ ഞാൻ സെക്രട്ടറിയായിട്ട് പ്രവർത്തിച്ചത് ആറു മാസക്കാലം മാത്രമാണ്. ആ സമയത്തെ ഏറ്റവും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചത് നിലയ്ക്കൽ വിഷയത്തിലായിരുന്നു. സമൂഹത്തിൽ മതസ്പർദ്ധയുണ്ടാക്കാനുളള നീക്കം നടന്നിരുന്നു. എസ്എഫ് ആ കാലയളവിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ നവോത്ഥാനത്തിന്റെ കേന്ദ്രങ്ങളിലേക്ക്  യുവാക്കളുടെ മാർച്ചും ആ  സംഗമ സ്ഥലത്ത് വച്ച് സ്വന്തം ചോരക്കൊണ്ട് വിരൽ പതിപ്പിച്ച ഒപ്പിടുകയും ചെയ്തു. അത് എഐവൈഎഫിനെ അടിമുടി ആവേശം കൊളളിക്കുന്ന ഒന്നായിരുന്നു. എഐവൈഎഫ്- എഐഎസ്എഫ് സംഘടിപ്പിച്ച കാൽനട യാത്രയും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. എവിടെയാണോ അവസാനിക്കുന്നത് അവിടെ അന്തിയുറങ്ങും. വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു യാത്രയായിരുന്നു അത്. അയൽ വീടുകളിലെ പൊതിചോറുകളായിലായിരുന്നു ഞങ്ങളുടെ ആഹാരം. ജനങ്ങളെ വിശ്വസിക്കാം അവരെ വിശ്വാസത്തിലെടുത്താൽ ഒരിക്കലും ചതിക്കില്ല എന്നൊരു പാഠം ഞങ്ങൾക്ക് ഈ യാത്രയിലൂടെ ലഭിച്ചിരുന്നു. വർക്കല, വൈക്കം, ഗുരുവായൂർ, പയ്യാമ്പലം എന്നീ നാലു നവോത്ഥാന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു യാത്ര. എഐവൈഎഫിന്റെ എല്ലാ കമ്മറ്റികളുടെയും പൂർണ്ണമായ പങ്കാളിത്തം ഈ ജാഥയിലുണ്ടായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത ഒരു പോരാട്ടമായി അത് മാറി. ആ കാൽനടയാത്രക്കുവേണ്ടി താനനൊരു ഗാനവും രചിച്ചിട്ടുണ്ട്.

‘മനുഷ്യനാണ് വലുത്
അവന്റെ ജാതിയുമല്ല മതവുമല്ല
എന്നു നിങ്ങൾ ചൊല്ലിയ
സത്യമേറ്റ് ചൊല്ലുവാൻ
നിങ്ങൾ നിന്ന ഭൂവിലേക്ക്
ഇതാവരുന്നു കൈകൾകോർത്ത്
നിങ്ങൾ തൻ കിനാക്കളെ
സത്യമാക്കിടുന്നവർ’
– എന്നാരംഭിക്കുന്ന ഒരു ഗാനം അന്നെഴുതി മുൻകൂട്ടി ജനയുഗത്തിൽ പ്രസിദ്ധീകരിച്ചു. ആ ഗാനമാണ്  ജാഥകളിൽ ആയിരക്കണക്കിനു പ്രവർത്തകർ ഏറ്റുപാടിയത്.

അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളരെ അന്വർത്ഥമായ പാട്ടായിരുന്നു അത്. ഒരോ പ്രവർത്തകനും മറക്കാതെ നെഞ്ചിലേറ്റിയ സമരമായിരുന്നു അത്. എന്റെ പ്രക്ഷോഭ ജീവിതത്തിലെ വലിയ അനുഭവം തന്നെയായിരുന്നു അത്.

അത് എന്നിലെ രാഷ്ട്രീയ പ്രവർത്തകനെ വളർത്തിയെടുക്കാൻ ശക്തി പകർന്ന ഒന്നായിരുന്നു. അക്കാലത്താണ് എഐവൈഎഫിന്റെ പ്രവർത്തന ഫണ്ട് സ്വരൂപിക്കണമെന്ന ആശയം മുന്നോട്ട് വരുന്നത്. സംഘടനയുടെ ദൈനംദിനപ്രവർത്തനങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യത്തിനുമായി സംഘടിതമായ പ്രവർത്തനത്തിനായി ഫണ്ട് സ്വരൂപിക്കാൻ എഐവൈഎഫ് സംസ്ഥാനകമ്മിറ്റി നേരിട്ട് മുന്നിട്ടിറങ്ങിയിരുന്നു. അന്ന് ഞാൻ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയും സഖാവ് ജയദേവൻ പ്രസിഡന്റുമായിരുന്നു. പിന്നീട് പാർട്ടിയുടെ ശക്തമായ നിർദ്ദേശ പ്രകാരം മറ്റൊരു ചുമതല ഏറ്റെടുത്ത് എനിക്ക് മാറിനിൽക്കേണ്ടിവന്നു. അതിനുശേഷം  പകരം സെക്രട്ടറി പദവിയിലേക്ക് കടന്നു വന്ന വ്യക്തിയാണ് സഖാവ് മുല്ലക്കര രത്നാകരൻ. അവർ നല്ല നിലയ്ക്ക് ഫണ്ട് പിരിവ് പൂർത്തിയാക്കി വിജയിപ്പിച്ചു. അവിടം മുതലാണ് എഐവൈഎഫിനു സ്വതന്ത്രമായി നിൽക്കാനും പ്രവർത്തിക്കാനുമുള്ള ഫണ്ട് ഉണ്ടായത്.

തമ്പാനൂരിലെ യങ്ഇന്ത്യ എന്ന ഓഫീസിലായിരുന്നു അന്ന് എഐവൈഎഫിന്റെ സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. അന്ന് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും പ്രവർത്തകർ തമ്മിലുള്ള ആത്മബന്ധം വളരെ വലുതായിരുന്നു. തങ്ങൾ ഒരുമിച്ചാണ് സമരപോരാട്ടങ്ങളിൽ നിലകൊണ്ടിരുന്നതും സംഘടനയുടെ വളർത്തിയെടുത്തതും. അന്ന് യുവജന സംഘടനയുടെ പ്രവർത്തകരെല്ലാം രണ്ട് മുറികളിലായിട്ടായിരുന്നു താമസിച്ചിരുന്നത്. എഐവൈഎഫ് കാലഘട്ടത്തിൽ എനിക്ക് കേരളത്തിൽ പ്രവർത്തിച്ച് കൊതി മാറിയിരുന്നില്ല. അപ്പോഴാണ് വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിലേക്ക് എന്നെ തെരഞ്ഞെടുക്കുന്നത്. ലോകം കാണാൻ, വിവിധ രാജ്യങ്ങളിലെ മനുഷ്യരെ പരിചയപ്പെടാൻ, പ്രക്ഷോഭങ്ങൾ കാണാൻ എല്ലാം സഹായിച്ച വലിയ  കാലഘട്ടമായിരുന്നു അത്. ചുരുക്കം പറഞ്ഞാൽ ഒരു മനുഷ്യൻ എന്ന നിലയ്ക്ക് എന്നിലടങ്ങിയിരുന്ന ഞാനെന്ന ഭാവസങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചടുക്കി ഒരു യഥാർത്ഥ മനുഷ്യനിലേക്ക് എന്നെ എത്തിച്ച കാലഘട്ടം തന്നെയായിരുന്നു എന്റെ യുവജന സംഘടന കാലഘട്ടം.

ഒരു രാഷ്ട്രീയത്തിൽ ഉറച്ച് നിൽക്കുമ്പോൾ മറ്റുള്ളവരെ വിലകുറച്ച് കണ്ടിരുന്ന നിമിഷമെല്ലാം മാറി എല്ലാവരെയും പരിഗണിക്കുകയും എല്ലാവരുടെ വാക്കുകൾക്കും ചെവികൊടുക്കുകയും എല്ലാ ആശയങ്ങളെ കുറിച്ചും പഠിക്കുകയും ചെയ്യണമെന്ന ചിന്ത ഉണർത്തിയ കാലഘട്ടമായിരുന്നു  വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടം.     അത് വരെ ഉള്ളതിനേക്കാളും ഒരു വലിയ മനസുമായിട്ടായിരുന്നു ഞാൻ തിരിച്ചുവരുന്നത്. മറ്റ് രാജ്യങ്ങളിലെ ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തികളെ കണ്ടപ്പോൾ അവരുടെ പെരുമാറ്റവും രീതികളും എത്രയോ സാധാരണത്വം നിറഞ്ഞതായിരുന്നു. പദവികൾ ലഭിക്കുന്നതോടെ ഒരാൾക്കും മറ്റുള്ളവരിൽ നിന്നും ഉയർന്നതായുള്ള ചിന്ത ഉണ്ടായിക്കൂടാ എന്ന കമ്മ്യൂണിസ്റ്റ് ബോധത്തോടെ ജീവിച്ച ഒരുപാടുപേരെ കണ്ടത് ആ കാലഘട്ടിത്തിലാണ്. എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും കാലഘട്ടത്തിലെ ബന്ധങ്ങളും ഇപ്പോഴും നിലനിൽക്കുന്ന സൗഹൃദങ്ങളും അതിന്റെയെല്ലാം ഊഷ്മളത അതെല്ലാമാണ് എന്നെ ഞാനാക്കി മാറ്റിയത്.

യുവാക്കളെ എപ്പോഴും ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സഖാവ്. യുവജന സംഘടനകളുടെ പ്രവർത്തനങ്ങളെ എങ്ങനെ നോക്കി കാണുന്നു?

എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും സഖാക്കൾ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ഇന്നത്തെ കാലഘട്ടം ഏത്രയോ വെല്ലുവിളികൾ നിറഞ്ഞതാണ്. അതിനെ നേരിടുമ്പോൾ ശരാശരിയുള്ള സാധാരണപ്രവർത്തനം കൊണ്ട് മാത്രം കാര്യമില്ല. അതിജീവിക്കാൻ സാധിക്കാത്ത രൂക്ഷമായ വെല്ലുവിളിക്ക് മുമ്പിൽ രാജ്യം നിൽക്കുകയാണ്. നമ്മുടെ കടമകൾ ഉയർന്നു വരുകയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ആ കടമകൾ പൂർത്തീകരിക്കാൻ നമുക്ക് കരുത്തോടെ മുന്നോട്ട് പോണം

കമ്മ്യുണിസ്റ്റ് പാർട്ടിയിൽ എന്തൊക്കെ മാറ്റങ്ങൾ വരണമെന്നാണ് കരുതുന്നത്?

ഇതിൽ പ്രധാന വിഷയം ആശയ സമരമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആശയ സമരം. ആശയ സമരം ഏറ്റവും കൂടുതൽ ഉയർന്നു വരേണ്ട ഈ കാലഘട്ടത്തിൽ നമ്മളും നമ്മടെ കേഡർമാരെ ആശയത്തിന്റെ ആയുധങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ വേണ്ടത്ര വിജയിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇടതു പക്ഷവും വലതു പക്ഷവും തമ്മിലുള്ള വ്യത്യാസം അക്ഷരങ്ങളിലുള്ള വ്യത്യാസമല്ല, അത് ആശയങ്ങളിലേ വ്യത്യാസമാണ് എന്ന തിരിച്ചറിവ് ഉണ്ടാവണം. ചിന്തയിലും വിശ്വാസത്തിലും ജീവിത ശൈലിയിലും സംസ്കാരത്തിലും എല്ലാ കാര്യത്തിലും ഇടതുപക്ഷം വ്യത്യസ്തമാണ് എന്ന ബോധ്യമുണ്ടാവണം. വ്യത്യസ്തമാണ് എന്ന് പറഞ്ഞാൽ മാത്രം പോരാ ആ വ്യത്യസ്തത എന്തെന്നറിയണം. അത് എങ്ങനെ നമ്മുക്ക് ഉയർത്തിപ്പിടിക്കാനാവുമെന്ന ബോധ്യമുണ്ടാവണം. ജനങ്ങളെ എങ്ങനെ ഈ ബോധ്യത്തിന്റെ പങ്കാളികളാക്കാൻ പറ്റുമെന്ന ധാരണയുണ്ടാവണം. ആ വഴിക്ക് നമ്മൾ ആശയ സമരത്തിന്റെ രംഗത്ത് ഇന്നുള്ള ദൗർബല്യങ്ങളെ അടിയന്തരമായും തീർത്തില്ലയെങ്കിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു ഇന്നത്തെ കാലത്ത് തൃപ്തികരമായി തങ്ങലുടെ മേലുള്ള കർത്തവ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരും. അതുകൊണ്ട് ഗൗരവപൂർണമായ കടമയായി നമ്മൾ ഇതിനെ കാണുകയും ബോധപൂർവം സമയം കണ്ടെത്തുകയും വേണം.

സോഷ്യൽ മീഡിയ ഇന്നത്തെ കാലഘട്ടത്തിലെ യാഥാർത്ഥ്യമാണ്.  സോഷ്യൽ മീഡിയയുടെ എല്ലാ വശങ്ങളെയും വലതുപക്ഷ കക്ഷികൾ വലിയ രീതിയിലാണ് പ്രയോജനപ്പെടുത്തുന്നത്. ബിജെപി- ആർഎസ്എസ് അതൊരു ചതിനിലയമാക്കുകയാണ്. നമ്മുടെ ആശയങ്ങളെയും അഭിപ്രായങ്ങളെയും ജനങ്ങളിലേക്കെത്തിക്കുന്നതിനായി  നവമാധ്യമങ്ങളിലെ ശാസ്ത്രീയപരമായും ഭാവനാത്മകമായും പ്രയോജനപ്പെടുത്തണം. യുവജനങ്ങളുടെ കഴിവ് നവമാധ്യമങ്ങളിലൂടെ പാർട്ടിയെ വളർത്താൻ ഉപയോഗിക്കണം. ആയിരക്കണക്കിനാളുകൾ ഇതിനായി മുന്നിട്ടിറങ്ങണം

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares