തൃശ്ശൂർ : പുതുക്കിപ്പണിത ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ താമസിച്ച പ്രമുഖരുടെ പട്ടികയിൽ നിന്നും ആധുനിക കേരളത്തിന്റെ ശിൽപിയും മുൻ മുഖ്യമന്ത്രിയുമായ അച്യുതമേനോന്റെ ചിത്രം ഒഴിവാക്കിയതിൽ പരാതിയുമായി ബിനോയ് വിശ്വം എം പി. അച്യുതമേനോനെ ഒഴിവാക്കിയതു സംബന്ധിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കത്തിലൂടെ ബിനോയ് വിശ്വം അതൃപ്തി അറിയിച്ചു. അടുത്ത പ്രാവശ്യം തൃശ്ശൂർ പോകുമ്പോൾ രാമനിലയത്തിന്റെ പുറകിലുള്ള പഴയ കെട്ടിടം ചെന്ന് കാണാൻ മന്ത്രി റിയാസിനോട് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ചരിത്രപ്രാധാന്യമുള്ള ഇത്തരം പൗരാണിക മന്ദിരങ്ങളും വസ്തുക്കളും സംരക്ഷിക്കാൻ എന്നും എൽഡിഎഫ് സർക്കാർ മുൻപന്തിയിൽ തന്നെയാണുള്ളത്. സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ സന്ദർശിച്ച വിശിഷ്ട വ്യക്തികളുടെ ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു കുറിപ്പ് പഴയ രാമനിലയം ഗസ്റ്റ് ഹൗസിൽ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുൻ മുഖ്യമന്ത്രി ഇഎംഎസ്,ഇ കെ നായനാർ, കെ കരുണാകരൻ എന്നിവരുടെ പേരുകളും ചിത്രങ്ങളും രാമനിലയത്തിലെ പഴയ കെട്ടിടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അച്യുതമേനോന്റെ പേര് ഒഴിവാക്കി.
ചരിത്രബോധമോ രാഷ്ട്രീയബോധമോ നീതിബോധമോ ഉള്ള ഒരാളും ഇത്തരം പ്രവർത്തി ചെയ്യില്ല. അത്തരം നെറികെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന് ബിനോയ് വിശ്വം കത്തിൽ കൂട്ടിച്ചേർത്തു. അന്നന്നു കാണുന്നവരെ വാഴ്ത്തുന്ന അല്പത്തക്കാരാൽ നയിക്കപ്പെടുന്നവരാണ് അവരെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇത്തരക്കാർ കാട്ടികൂട്ടുന്ന അഴിമതികളും വിക്രിയകളും മന്ത്രിക്ക് വ്യക്തതയുള്ളതല്ലെയെന്ന് ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിക്ക് അനിഷ്ടം തോന്നിയാലോയെന്ന് സംശയിച്ച ചില ഉദ്യോഗസ്ഥരാണ് അച്യുതമേനോനെ ഒഴിവാക്കിയതെന്നും കത്തിൽ പരാമർശമുണ്ട്.