കോഴിക്കോട്: എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിനൊപ്പം നടന്നു ബിനോയ് വിശ്വം എംപിയും പി സന്തോഷ്കുമാർ എംപിയും. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്കൊപ്പമാണ് ഇരുവരും പര്യടനം നടത്തിയത്. വടക്കൻ മേഖല ജാഥ ഇന്ന് കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. ധീര പോരാളികൾ ഉറങ്ങുന്ന മുക്കം ആനയാംകുന്ന് രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി ആയിരുന്നു ജാഥയുടെ തുടക്കം. ആവേശ ഉജ്ജ്വലമായ സ്വീകരണമാണ് ജാഥയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ സഖാക്കൾ നൽകി വരുന്നത്.
കോഴിക്കോടിന്റെ വിപ്ലവ സ്മരണകൾ ഉറങ്ങുന്ന മണ്ണിലൂടെ അഖിലേന്ത്യാ യുവജന ഫെഡറേഷൻ സേവ് ഇന്ത്യ മാർച്ച് വടക്കൻ മേഖല കാൽനടജാഥ കടന്നു പോകുമ്പോൾ സഖാക്കൾ തികഞ്ഞ ആവേശത്തിലാണ്.
മധുരത്തിന്റെ നാട് കൂടിയാണ് കോഴിക്കോട്. ഇവിടേക്ക് എത്തുന്ന ഓരോ മനുഷ്യരെയും സന്തോഷിപ്പിക്കാതെ തിരിച്ചയച്ചിട്ടില്ല കോഴിക്കോട്. നിറയെ സ്നേഹമുള്ള ഒരായിരം മനുഷ്യരുടെ നാടാണ് കോഴിക്കോട്. വടക്കൻ മേഖല ജാഥയെ കോഴിക്കോടിന്റെ മണ്ണിൽ സ്വീകരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ നേരിട്ടാണ് എത്തിയത്. കോഴിക്കോട് പാലേരിയിൽ വച്ച് സേവ് ഇന്ത്യ മാർച്ചിന് അദ്ദേഹം അഭിവാദ്യങ്ങൾ നേർന്നു. വൈസ് ക്യാപ്റ്റൻമാരായ കെ ഷാജഹാൻ, പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ്, ഡയറക്ടർ അഡ്വ. കെ കെ സമദ് എന്നിവരും ജാഥയ്ക്കൊപ്പം ആവേശത്തോടെ തന്നെയുണ്ട്.