തെലങ്കാന: തെലങ്കാനയിലെ വാറങ്കൽ ഭൂസമരത്തിൽ പങ്കെടുക്കുവാൻ എത്തിയ ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തു. സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. വാറങ്കല്‍ നഗരസഭാ പരിധിയില്‍പ്പെട്ട മത്‌വാഡ നിമ്മയ ചെരുവിനടുത്ത 15 ഏക്കര്‍ സര്‍ക്കാര്‍ തരിശ് ഭൂമി ഭൂ – ഭവന രഹിതര്‍ക്ക് പതിച്ച് നൽകണമെന്നാവശ്യപ്പെട്ട് സിപിഐ നേതൃത്വത്തില്‍ സമരം നടന്നു വരികയായിരുന്നു.ഈ ഭൂമി പാവപ്പെട്ടവർക്ക് വിട്ടു നൽകണമെന്നവശ്യപ്പെട്ടു കൊണ്ട് സിപിഐയുടെ നേതൃത്വത്തിൽ ഇവിടെ കുടിലുകൾ പണിതു സമരം ആരംഭിച്ചത്.
ഭൂമി പതിച്ച് നൽകണമെന്നാവശ്യപ്പെട്ട് സിപിഐയും ബഹുജന സംഘടനകളും പ്രക്ഷോഭം സംഘടിപ്പിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനോട് അനുഭാവപൂര്‍വമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നു മാത്രമല്ല കൂടുതല്‍ കയ്യേറ്റത്തിന് അവസരമൊരുക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. വാറങ്കൽ നഗരത്തിന് ചുറ്റുമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ജലാശയങ്ങളുള്‍പ്പെടുന്ന ഭൂമിയുമാണ് ഭരണകക്ഷിയുടെ ഒത്താശയടെ അനുദിനം കയ്യേറ്റം നടത്തുന്നത്.
ഈ പശ്ചത്തലത്തിലാണ് സിപിഐ വാറങ്കല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പാവപ്പെട്ടവരെ അണിനിരത്തി സ്ഥലം പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി താമസം ആരംഭിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി ശ്രീനിവാസ റാവു, വാറങ്കൽ ജില്ലാ സെക്രട്ടറി മേകല രവി, അസിസ്റ്റന്റ് സെക്രട്ടറിമാരായ ഷെയ്ക് ബഷ്മിയ, പനസ പ്രസാദ്, മണ്ഡലം സെക്രട്ടറി ബുസ്സ രവീന്ദർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിലുകള്‍ കെട്ടിയത്.