ന്യൂഡല്‍ഹി: ബിജെപി അംഗത്തിന്‍റെ വർഗ്ഗീയ പരാമർശം ബിനോയ് വിശ്വത്തിന്റെ പ്രതിഷേധത്തെതുടർന്ന് രാജ്യസഭയിലെ രേഖകളിൽ നിന്നും നീക്കംചെയ്തു. മുസ്‍ലിം വിഭാഗത്തിൽപ്പെടുന്നവരെ ആക്ഷേപിച്ച് ബിജെപി അംഗം നടത്തിയ പരാമർശമാണ് ഒഴിവാക്കിയത്.
പോയിന്‍റ് ഓഫ് ഓർഡറുമായി എഴുന്നേറ്റ ബിനോയ് വിശ്വത്തിന്‍റെ പ്രതിഷേധത്തേ തുടർന്നാണ് കടുത്ത വർഗ്ഗീയ പരാമർശം രേഖകളിൽ നിന്നും ഒഴിവായത്. രാജ്യത്തെ ആകെ ഞെട്ടിച്ചാണ് അജയ് പ്രതാപ് സിങ് രാജ്യസഭയിൽ ജൂലൈ 25ന് മുസ്‍ലിം വിരുദ്ധ പ്രസംഗം നടത്തിയത്. മറ്റു മതവിശ്വാസികളെ ഏകദൈവ വിശ്വാസികൾ അംഗീകരിക്കില്ലെന്ന് പറഞ്ഞു തുടങ്ങിയ ഇദ്ദേഹം, ഒടുവിൽ തീവ്രവാദത്തിൽ വരെ മതവുമായി കൂട്ടിക്കെട്ടി.
പ്രസംഗം കേട്ടയുടൻ ഈ വാക്കുകൾ രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്നതാണെന്നു ബിനോയ് വിശ്വം പോയിന്‍റ് ഓഫ് ഓഡർ ഉന്നയിച്ചു. എല്ലാ സഭാ മര്യാദകളെയും മറികടന്നുള്ള വാക്കുകളാണെന്നും സഭാ രേഖകളിൽ നിന്നും നീക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പട്ടു.
പ്രസംഗം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് സഭാ അധ്യക്ഷൻ അന്ന് ഉറപ്പ് നൽകിയിരുന്നു. ഒരു വിഭാഗത്തിന്‍റെ വിശ്വാസത്തെ അടച്ചാക്ഷേപിക്കുന്ന ബിജെപി അംഗത്തിന്‍റെ പ്രസംഗം രേഖകളിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഇന്നലെ ഫലം കണ്ടു . ബിൽ ചർച്ചയ്ക്കിടെ നടത്തിയ ആക്ഷേപകരമായ പരാമർശം രേഖയിൽ നിന്നും നീക്കം ചെയ്തു. വർഗ്ഗീയത പടർത്താൻ സഭാ തലം ബിജെപി അംഗം ദുരുപയോഗം ചെയ്തെന്നു പറഞ്ഞ ബിനോയ് വിശ്വം നടപടിയെടുത്ത ചെയർമാനെ അഭിനന്ദിച്ചു.