വിജയവാഡ: സമൂഹത്തെ സൈനികവൽക്കരിക്കാൻ ഹിറ്റ്ലറുടെ അച്ചിൽ വാർത്ത അർധ സൈനിക പദ്ധതിയാണ് അഗ്നിപഥ് എന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. ഏഴ് ഇടതുപാർട്ടികൾ സംയുക്തമായി വിജയവാഡയിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.
വൺ റാങ്ക്, വൺ പെൻഷനു പകരം മോഡി നടപ്പിലാക്കുന്നത് “നോ റാങ്ക്, നോ പെൻഷൻ ” പദ്ധതിയാണ്. നാലു കൊല്ലം കഴിയുമ്പോൾ അവർ എങ്ങനെ ജീവിക്കുമെന്നതിന് മോഡിക്ക് ഉത്തരമില്ലെന്ന് ബിനോയ് പറഞ്ഞു. സിപിഐ ആന്ധ്രാ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ അധ്യക്ഷത വഹിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി ശ്രീനിവാസറാവു, ഹരിനാഥ് (സിപിഐ‑എംഎൽ ലിബറേഷൻ), അമർനാഥ് (എസ്യുസിഐ സി), പോളാരി (സിപിഐ‑എംഎൽ ന്യൂഡമോക്രസി), ഖാദർ ബാഷ (എംസിപിഐ യു) തുടങ്ങിയവർ സംസാരിച്ചു.