നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് സൽക്കാരത്തിൽ പങ്കെടുത്ത ബിഷപ്പുമാര്‍ അദ്ദേഹത്തോട് മണിപ്പൂര്‍ കലാപത്തെകുറിച്ച് ചോദിക്കണമായിരുന്നു എന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി . പ്രധാനമന്ത്രിയുടെ സൽക്കാരത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട എല്ലാവര്‍ക്കും അറിയാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
മണിപ്പുർ കലാപമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ വിരുന്നിൽ ചർച്ചയായില്ലെന്നാണു റിപ്പോർട്ട്. ആദ്യമായാണു ലോക് കല്യാൺ മാര്‍ഗിലെ മോദിയുടേ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കിയത്. രാജ്യമാകെ ക്രിസ്മസ് ദിനാശംസകള്‍ കൈമാറണമെന്നു പ്രവര്‍ത്തകര്‍ക്കു ബിജെപി നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ വിരുന്നെന്നതു ശ്രദ്ധേയമാണ്. കേരളം, ഡല്‍ഹി ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർ എന്നിവരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചത്.