ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന്നേറ്റ തിരിച്ചടിയാണ്. ആകെയുള്ള 90 സീറ്റിൽ നേടിയാണ് ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയിരിക്കുന്നത്. ഭീകര വാദം തടയാനും കാശ്മീരിന്റെ വികസനം ഉറപ്പുവരുത്താനുമെന്ന അവകാശ വാദത്തോടെയാണ് കേന്ദ്ര സർക്കാർ 370-ാം വകുപ്പ് റദ്ദ് ചെയ്യുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലായ്മ ചെയ്ത് മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. കശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായപ്പോള്‍ കശ്മീരി ജനതയ്ക്ക് നല്‍കിയ ഉറപ്പിന്റെ നഗ്നമായ ലംഘനമായിരുന്നു ഭരണഘടനാ തത്വങ്ങള്‍ക്കും ഫെഡറലിസത്തിനും എതിരായുള്ള ഈ നടപടി.
370-ാം വകുപ്പ് കശ്മീരി ജനതയുടെ തികച്ചും വസ്തുനിഷ്ഠ ആവശ്യകതയെ മുന്‍നിർത്തിയുള്ള ചർച്ചകളുടെ ഫലമായി രൂപപ്പെട്ടതാണ്. ബ്രിട്ടീഷ് അധീനതയില്‍ ആയിരുന്ന ജമ്മു കശ്മീര്‍ പ്രദേശം ബ്രിട്ടീഷുകാര്‍ക്ക് പണം നല്‍കി വിലയ്ക്ക് വാങ്ങിയ രാജവംശത്തിലെ അവസാന രാജാവായ ഹരി സിംഗ് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ സ്വതന്ത്ര രാജ്യമായി നിലകൊള്ളാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ തുടർന്നുണ്ടായ പാക്കിസ്ഥാൻ ആക്രമണത്തെ തുടർന്ന് അവര്‍ ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യന്‍ യൂണിയനില്‍ അംഗമാവുകയും ചെയ്തു. കശ്മീരി ജനതയുടെ അനിഷേധ്യനായ നേതാവ് ഷേഖ് അബ്‌ദുള്ള ഇന്ത്യന്‍ യൂണിയനില്‍ ചേരണമെന്ന ഉറച്ച നിലപാടുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് രാജവാഴ്ചയ്ക്കും ബ്രിട്ടീഷ് ആധിപത്യത്തിനും എതിരായ പോരാട്ടത്തിലൂടെ ഉയര്‍ന്നുവന്ന പ്രസ്ഥാനവുമാണ്.
എന്നാൽ ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ട് എന്നാൽ അധികാരത്തിൽ വന്ന നാൾ മുതൽ 370-ാം വകുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. 370-ാം വകുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരം ലഭിക്കുന്നത് സംസ്ഥാന നിയമസഭയുടെ ശുപാര്‍ശയില്‍ മാത്രമാകയാൽ ഇപ്രകാരം ലഭിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ നിയമസഭ പിരിച്ചുവിട്ടു കൊണ്ടുള്ള തികച്ചും ഏകപക്ഷീയമായി നടപടിയാണ് കേന്ദ്രം ഇവിടെ സ്വീകരിച്ചത്. ജമ്മു കശ്മീരിന്റെ ഭൂവിസ്തൃതി 1950ല്‍ 39,145 ചതുരശ്ര മൈല്‍ ആയിരുന്നുവെങ്കിൽ 2019 ആഗസ്റ്റില്‍ വെറും 16,304 ചതുരശ്ര മൈലായി ചുരുങ്ങിയിരുന്നു.
ഭൂവിസ്തൃതിയില്‍ കുറവു വരുത്താന്‍ ഇന്ത്യന്‍ യൂണിയന് അധികാരമില്ല എന്നത് 370-ാം വകുപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നിരിക്കെയാണ് കാശ്മീരിനെ മൂന്നായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത്. രാജ്യത്തിന്റെ ജനാധിപത്യവും ഫെഡറൽ തത്വവും സംരക്ഷിക്കുമെന്ന് നിയമപരമായി പ്രതിജ്ഞയെടുത്തിട്ടുള്ള ഭരണാധികാരികളുടെ നേതൃത്വത്തിൽ വൈകാരികവിക്ഷോഭങ്ങൾ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള കുല്സിത ശ്രമമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ തകർന്നത്. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ പടച്ചു വിട്ട് കൊണ്ട് ഭരണകൂടത്തിന്റെ സങ്കുചിത താല്പര്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനേൽക്കുന്ന ഒടുവിലത്തെ തിരിച്ചടി.