Wednesday, December 4, 2024
spot_imgspot_img
HomeOpinionപ്രതിക്കൂട്ടിൽ അദാനി; തട്ടിപ്പ് ​വ്യവസായിക്ക് കുടപിടിക്കുന്ന ബിജെപി സർക്കാർ

പ്രതിക്കൂട്ടിൽ അദാനി; തട്ടിപ്പ് ​വ്യവസായിക്ക് കുടപിടിക്കുന്ന ബിജെപി സർക്കാർ

ടി ടി ജിസ്‌മോൻ
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി

2020 ല്‍ ‘ഫിനാന്‍ഷ്യല്‍ ടൈംസി’ല്‍ സ്റ്റെഫാനി ഫിന്‍ഡ്ലയും, ഹട്സന്‍ ലോക്കറ്റും ചേര്‍ന്നെഴുതിയ ‘മോഡീസ് റോക്ക്ഫെല്ലര്‍ ഗൗതം അദാനി ആന്‍റ് ദി കോണ്‍സന്‍ട്രേഷന്‍ ഓഫ് പവര്‍ ഇന്ത്യ ‘ എന്ന ഗ്രന്ഥം നരേന്ദ്ര മോദി – ഗൗതം അദാനി സൗഹൃദത്തെയും അത് വഴിയുള്ള ഫാസിസ്റ്റ് – കുത്തക മുതലാളിത്ത അനുരഞ്ജനത്തെയും കൃത്യമായിത്തന്നെ തുറന്ന് കാട്ടുന്നുണ്ട്. 2014ല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി നരേന്ദ്ര മോദി ദില്ലിയിലേക്ക് പറന്നത് തന്നെ ഗൗതം അദാനിയുടെ പ്രൈവറ്റ് ജെറ്റില്‍ അമിത്ഷായ്ക്കും അദാനിക്കും ഒപ്പം ആയിരുന്നുവെന്നാണ് ഈ ഗ്രന്ഥത്തിൽ പറയുന്നത്. ഏതായാലും ഇന്ത്യൻ ഭരണ കൂടത്തെ നിയന്ത്രിക്കുന്ന വർഗീയ – കോർപറേറ്റ് ചങ്ങാത്തത്തിന് അമേരിക്കയിൽ നിന്ന് നിലവിൽ നേരിട്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്.

സൗരോര്‍ജ്ജ പദ്ധതിയുടെ കരാറിനുവേണ്ടി 2,029 കോടി രൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരിലാണ് അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ യു എസ് കോടതി കുറ്റപത്രം നൽകിയിരിക്കുന്നത്. 20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സോളാര്‍ പവര്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള കരാറുകള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണത്രേ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത്. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്’ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ ബിസിനസ്സ് സഹപ്രവര്‍ത്തകര്‍ക്കും എതിരെ അഴിമതി, വഞ്ചന, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട ക്രിമിനല്‍ സ്വഭാവത്തിലുള്ള കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നതെങ്കിൽ ‘ യു എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷ’ന്റെ (എസ് ഇ സി ) ആരോപണങ്ങളാകട്ടെ സിവില്‍ സ്വഭാവമുള്ളതാണ്.

ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഇ സി നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. തന്നെയുമല്ല അദാനിക്കും കൂട്ടാളികൾക്കുമെതിരായ കുറ്റപത്രത്തില്‍, ഓഹരി വിപണയിലെ തട്ടിപ്പുകള്‍, വിദേശ അഴിമതി സമ്പ്രദായ നിയമം (എഫ്‌സിപിഎ), ഫോറിന്‍ എക്‌സ്റ്റോര്‍ഷന്‍ പ്രിവന്‍ഷന്‍ ആക്റ്റ് (എഫ്ഇപിഎ) എന്നിവയുടെ ലംഘനങ്ങള്‍ എസ്ഇസി വിശദീകരിച്ചതായി കാണാൻ കഴിയുന്നുണ്ട്. അതീവ ഗുരുതര സ്വഭാവമുള്ള ഈ കുറ്റ കൃത്യങ്ങളാകട്ടെ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കാൻ ഇടയുള്ളതുമാണ്.

അമേരിക്കയിൽ കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ നെയ് റോബി വിമാനത്താവളം 30 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം കെനിയ ഹൈ കോടതി തടഞ്ഞതും മോദിയുടെയും ബിജെപിയുടെയും വിശ്വസ്തനേറ്റ മറ്റൊരു കനത്ത തിരിച്ചടിയാണ്. ‘ജോമോ കെനിയാട്ട’ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട കരാറാണ് അദാനിക്കെതിരായ ആരോപണങ്ങളെ തുടർന്ന് കെനിയ അവസാനിപ്പിക്കുന്നത്. ഫ്രാന്‍സ് ഊർജമേഖലയിലെ ഭീമനായ ടോട്ടൽ എനർജീസ്‌, അദാനി ഗ്രൂപ്പുമായി കൂടുതൽ സഹകരണത്തിന്‌ ഇല്ലെന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അവയുടെ സത്യാവസ്ഥയിലും വ്യക്തത വരും വരെ അവരുമായി പങ്കാളിത്ത വ്യവസ്ഥയിൽ നടപ്പാക്കുന്ന പദ്ധതികളിൽ കൂടുതൽ പണം മുടക്കില്ലെന്നാണ്‌ ഏറ്റവും ഒടുവിൽ അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗ്ലാദേശിലും അദാനിയുടെ സ്ഥിതി പരുങ്ങലിലാണ്. ഷെയ്‌ഖ്‌ ഹസീന സർക്കാർ 2009– 2024 കാലയളവിൽ അദാനി ഗ്രൂപ്പുമായി ഒപ്പിട്ട ഊർജ പദ്ധതികൾ അന്വേഷിക്കാൻ പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തി യിരിക്കുകയാണ് ഇടക്കാല സർക്കാർ. ജസ്റ്റിസ് മൊയ്തീനുല്‍ ഇസ്ലാം ചൗധരിയുടെ നേതൃത്വത്തിലുള്ള എജൻസി നിലവില്‍ വിവിധ കരാറുകളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദാനി (ഗോഡ്ഡ) ബിഐഎഫ്പിസിഎല്‍ 1234.4 മെഗാവാട്ട് കല്‍ക്കരി പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റ് ഉള്‍പ്പെടെ, പൈറ (1320 മെഗാവാട്ട് കല്‍ക്കരി), മേഘ്നഘട്ട് (335 മെഗാവാട്ട് ഇരട്ട ഇന്ധനം), അഷുഗഞ്ച് (195 മെഗാവാട്ട് ഗ്യാസ്), ബഷ്ഖാലി (612) എന്നീ പവര്‍ പ്ലാന്റുകളെക്കുറിച്ചെല്ലാം എജൻസി വിശദമായി അന്വേഷിക്കുമെന്നാണറിയുന്നത്.

യുഎസ് കോടതി കടുത്ത അഴിമതിക്കുറ്റം ചുമത്തുകയും മറ്റു രാജ്യങ്ങളിൽ സമാനമായ അഴിമതി ആരോപണം നേരിടുകയും ചെയ്തിട്ടും ഗൗതം അദാനിയെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല. ഭരണ കാലയളവിൽ രാജ്യത്തെ അടിസ്ഥാന വികസന പദ്ധതികളുടെ നിര്‍മ്മാണച്ചുമതലകളടക്കം അദാനിക്ക് കൈമാറിക്കൊണ്ടുള്ള വിനീത ദാസ്യം പരസ്യമാണല്ലോ!

2018 ൽ രാജ്യത്തെ ചില വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള അനുമതി നൽകിയപ്പോൾ അദാനിക്ക് കൊള്ള നടത്തുന്നതിന് വേണ്ടി ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത് ഓർക്കുന്നുണ്ടാകും. നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 മുതൽ അദാനി ഗ്രൂപ്പിന്റെ ആസ്‌തിയിലുണ്ടായ അഭൂതപൂർവമായ വളർച്ച ഞെട്ടിക്കുന്നതാണ്

മോദി ഭരണത്തിന്റെ ആരംഭത്തിൽ താഴെ തട്ടിൽ കിടന്നിരുന്ന ഗൗതം അദാനി ‘ഫോർബ്സ്’ മാഗസിന്റെ അതിസമ്പന്നരുടെ നെറുകയിലേക്ക് നടത്തിയ കുതിച്ചുചാട്ടം അത്ഭുതാവഹമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽമാത്രം അദാനിയുടെയും കുടുംബാംഗങ്ങളുടെയും ആസ്‌തിയിൽ 95 ശതമാനം വർധനയാണുണ്ടായത്‌ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024ലെ ‘ഹുറൂൺ ഇന്ത്യ’ റിപ്പോർട്ടിലും ഇത് സൂചിപ്പിക്കുന്നുണ്ട്.
അദാനി മാത്രമല്ല, ഈ ഭരണത്തണലിൽ ഗുജറാത്തിൽനിന്നുള്ള നിരവധി വ്യവസായികളും ആസ്‌തി വർദ്ധിപ്പിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ ഇത്തരക്കാർ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കൈപ്പറ്റിയ ശതകോടികളുടെ വായ്‌പ തിരിച്ചടയ്‌ക്കാത്തതുമൂലം ആ ബാങ്കുകൾ കിട്ടാക്കടം വർദ്ധിച്ച് പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. ‘ഓക്സഫാം ‘റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ സമ്പത്തിന്റെ 57 ശതമാനം ഇന്ത്യയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള 10 പേരുടെ കൈവശമാണ് നിലവിലുള്ളത്.

അതേസമയം ജനങ്ങളിൽ താഴെ തട്ടിലുള്ള പകുതിപേരുടെ കയ്യിൽ 13 ശതമാനം മാത്രമേയുള്ളൂ. ഓഹരി വിപണിയെ കൃത്യമായി നിരീക്ഷിച്ച് ഇടപാടുകാരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നതിനാണ് ‘സെക്യൂരിറ്റീസ് ആൻഡ്‌ എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട്’ (സെബി ) സ്ഥാപിതമായത്. 1992 ജനുവരി 30ന് നിയമപ്രകാരം അധികാരമുള്ള സ്ഥാപനമായി സെബി പ്രവർത്തനമാരംഭിച്ചു. 2015ൽ ‘ഫോർവേഡ് മാർക്കറ്റ്സ് കമീഷൻ’ ‘സെബി’യിൽ ലയിപ്പിച്ചതോടെ ഉൽപ്പന്ന അവധിവ്യാപാരമേഖലയുടെ നിയന്ത്രണംകൂടി അതിന് കൈവന്നു. ചെയർമാനും എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ‘സെബി’യുടെ ഡയറക്ടർ ബോർഡ്. ചെയർമാനെയും അഞ്ച് ബോർഡ് അംഗങ്ങളെയും യൂണിയൻ സർക്കാരാണ് നാമനിർദേശം ചെയ്യുന്നത്. രണ്ട് ബോർഡംഗങ്ങളെ ധനമന്ത്രാലയവും ഒരു ബോർഡംഗത്തെ റിസർവ് ബാങ്കും തീരുമാനിക്കും.
ഓഹരിക്കമ്പോളത്തിലെ സാധാരണ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനമെന്നതിനാൽ ‘സെബി’യുടെ ഡയറക്ടർ ബോർഡംഗങ്ങളാരും സ്വകാര്യ കമ്പനികളുടെ ഓഹരി ഉടമസ്ഥരാകരുത് എന്ന നിബന്ധന നിലവിലുണ്ട്.

2017 ഏപ്രിലിലാണ്‌ മാധബി പുരി ബുച്ചിനെ ‘സെബി’യുടെ ഡയറക്ടർ ബോർഡിലേക്ക് ആദ്യമായി നാമനിർദേശം ചെയ്യുന്നത്. സിംഗപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐപിഇ പ്ലസ് ഫണ്ട് കമ്പനിയിൽ മാധബി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും ഒരു കോടി യു എസ് ഡോളറിന്റെ (84 കോടി രൂപ) നിക്ഷേപമുണ്ടായിരുന്നു. സെബി ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്യുന്നതിന് തൊട്ട് മുമ്പ്‌ 2017 മാർച്ചിൽ മാധബി പുരി ബുച്ച് തന്റെ പേരിലുള്ള ഓഹരികൾ ഭർത്താവ് ധവാൽ ബുച്ചിന് കൈമാറുകയുണ്ടായി. ഐപിഇ പ്ലസ് ഫണ്ട് കമ്പനിയുടെ ഉടമസ്ഥൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയാണ്. വിനോദ് അദാനിക്ക് കരീബിയൻ ദ്വീപുകളിലും യുഎഇ, സൈപ്രസ്, സിംഗപ്പുർ, ബർമുഡ തുടങ്ങിയ രാജ്യങ്ങളിലും 38ഓളം കടലാസ് കമ്പനികളുണ്ടെന്നും അവരാണ് ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരി വാങ്ങി കൃത്രിമമായി ഓഹരി വില ഉയർത്തിയതെന്നുമുള്ള ഞെട്ടിക്കുന്ന വാർത്ത 2023 ൽ ‘ഹിഡൻബർഗാ’ണ് പുറത്തുവിട്ടത്. സുപ്രീംകോടതി നിർദേശപ്രകാരം ഈ ആരോപണം അന്വേഷിച്ച മാധബി പുരി ബുച്ച് നേതൃത്വം നൽകുന്ന ‘സെബി’ അദാനിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിക്കൊണ്ടാണ് കോർപറേറ്റ് – ഭരണ കൂട അജണ്ട മറയില്ലാതെ വെളിപ്പെടുത്തിയത്.

അദാനിയുടെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് 2023 ജനുവരി 24ന് പുറത്തിറക്കിയ ഈ റിപ്പോർട്ടിനെ ദേശദ്രോഹമായി ചിത്രീകരിക്കാനായിരുന്നു ഭരണ കൂടം അന്ന് ശ്രമിച്ചത്. ജനാധിപത്യ വ്യവസ്ഥയിൽ നവലിബറൽ നയങ്ങളെ കൂട്ട് പിടിച്ചു കൊണ്ട് കോർപറ്റേറ്റുകൾ ഗവണ്മെന്റിന്റെ പിന്തുണയോടെ സമ്പദ് വ്യവസ്ഥയിലടക്കം കടുത്ത അസമത്വങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷം സമ്പന്ന വർഗത്തെ സൃഷ്ടിക്കാനുതകുന്ന കോർപറേറ്റ് മുതലാളിത്ത വികസനം തൊഴിലാളിയുടെ അധ്വാനം വഴി സൃഷ്ടിക്കുന്ന മൂല്യത്തിന്റെ വലിയൊരു ഭാഗം കവർന്നെടുക്കുകയാണ്. ഇവിടെ ഉറ്റ ചങ്ങാതിയായ അദാനിക്കെതിരെ നടപടിയെടുക്കാൻ ഭയക്കുകയാണ് മോദി. ബംഗ്ലദേശിലേക്കുള്ള വൈദ്യുതിയുടെ കയറ്റുമതി വെട്ടിക്കുറച്ചു കൊണ്ട് അദാനി വിധേയത്വം പ്രധാന മന്ത്രി ഇതിനോടകം തന്നെ അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു. മോദി സർക്കാരിൽ നിന്ന് ലഭിച്ച പരിരക്ഷയും ആനുകൂല്യങ്ങളുമാണ് ഗൗതം അദാനി എന്ന ശത കോടീശ്വരനെ വളർത്തിയത്. ഭരണാരംഭം മുതൽ കുത്തകാനുകൂല്യ നയങ്ങൾ മുഖ മുദ്രയാക്കി മുന്നോട്ട് പോകുന്ന മോദിയിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ !

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares