ജെയ്റ്റ്ലി മോദി കൂട്ടുകെട്ടിൽ രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കികൊണ്ട് 2018 പിറവിയെടുത്ത ഇലക്ട്രൽ ബോണ്ടിനാണ് സുപ്രീം കോടതി കടിഞ്ഞാണിട്ടിരിക്കുന്നത്. കേന്ദ്ര ഭരണകൂടവും കോർപ്പറേറ്റുകളുമായുള്ള പുറത്തു വെളിപ്പെടുത്താനാവാത്ത അന്തർധാരകൾക്ക് നിയമപ്രാബല്യം നൽകുന്നതായിരുന്നു ഇലക്ട്രൽ ബോണ്ടുകൾ. ബിജെപിയെന്ന പാർട്ടി തങ്ങളുടെ സൗകര്യത്തിനുവേണ്ടി ഭരണഘടന മൂല്യങ്ങളെയെല്ലാം കാറ്റിൽ പറത്തി ഉണ്ടാക്കിയെടുത്തതാണെന്ന് നിരവധി റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേസിൽ വിധി പുറത്തുവരാൻ വൈകുന്നതിൽ നിരവധി പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇലക്ട്രൽ ബോണ്ടുകളുടെ ആനുകൂല്യം ബിജെപിയ്ക്ക് ലഭിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് സുപ്രീം കോടതി മോദി സർക്കാരിന് കനത്ത തിരിച്ചടി നൽകി ഇലക്ട്രൽ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്.
2017 ൽ അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തിലൂടെയാണ് ഇലക്ട്രൽ ബോണ്ട് പദ്ധതിയെക്കുറിച്ച് ആദ്യ പരാമർശം നടത്തുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന സുതാര്യമാക്കണമെന്നൊക്കെ പറഞ്ഞായിരുന്നു അദ്ദേഹം പദ്ധതിയെക്കുറിച്ച് പരമാർശിച്ചത്. നാല് നിയമങ്ങളാണ് ഇലക്ട്രൽ ബോണ്ട് പദ്ധതിയ്ക്കുവേണ്ടി ഭേദഗതി ചെയ്തത്. ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്, റപ്രസേന്റേഷൻ ഓഫ് പിപ്പീൾസ് ആക്ട്, ഇൻകം ടാക്‌സ് ആക്ട്, കംപനീസ് ആക്ട് എന്നിവ ഭേദഗതി ചെയ്തായിരുന്നു പദ്ധതി കൊണ്ടുവന്നത്.
2018 ജനുവരിയിലാണ് ഒരു ഉത്തരവിലൂടെ സർക്കാർ ഇലക്ട്രൽ ബോണ്ടുകൾ ആരംഭിച്ചത്. ഇലക്ട്രൽ ബോണ്ടുകൾ ഒരു പ്രോമിസറി നോട്ടാണെന്ന് പറയാം. എന്നാൽ അതിൽ ആരാണ് വാങ്ങിക്കുന്നതെന്നോ പണം നൽകുന്നതെന്നോ പറയേണ്ടതില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില പ്രത്യേക ശാഖകളിലൂടെ ഇന്ത്യക്കാരനായ വ്യക്തിയ്‌ക്കോ, കമ്പനികൾക്കോ, തനിച്ചോ കൂട്ടായോ ബോണ്ടുകൾ വാങ്ങാം. ഇതായിരുന്നു വ്യവസ്ഥ.
ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമൻമാരിൽനിന്ന് പരിധിയില്ലാതെ പണം സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 2018 മുതൽ 2022 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ 57 ശതമാനവും നേടിയത് ബി ജെ പിയാണ്. രണ്ടാമത് കോൺഗ്രസും മൂന്നാമത് തൃണമൂൽ കോൺഗ്രസുമാണ്.
അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ബോണ്ടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തിയിരിക്കുന്നു. വിവരങ്ങളിലുള്ള സുതാര്യത നഷ്ടപ്പെടുന്നതിലാണ് കമ്മിഷൻ ആശങ്ക അറിയിച്ചത്. പദ്ധതിയോട് എതിർപ്പില്ലെങ്കിലും ലഭിക്കുന്ന സംഭാവനകൾ എത്രയെന്ന് കമ്മിഷന് അറിയാൻ കഴിയാത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു വിശദീകരണം.