വർഗ്ഗീയ വിദ്വേഷം ജനിപ്പിച്ചും മതപരമായ ചേരിതിരിവുണ്ടാക്കിയും മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്ത സംഘപരിവാർ ഫാസിസ്റ്റു നയത്തിന്നേറ്റ കനത്ത തിരിച്ചടിയാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം. കോര്‍പറേറ്റ് – രാഷ്ട്രീയ അവിശുദ്ധ ചങ്ങാത്തം സൃഷ്ടിച്ച ഘടനയിൽ രാഷ്‌ട്രീയ‐വിഭാഗീയ‐വാണിജ്യ താൽപര്യങ്ങൾക്കു വശം വദരായി ദേശീയ മാധ്യമങ്ങളെയടക്കം വിലക്കെടുത്തു കൊണ്ടുള്ള പ്രചാരണങ്ങൾക്കെതിരെ ജനം കാര്യമായിത്തന്നെ പ്രതികരിച്ചു എന്നാണ് വിലയിരുത്തേണ്ടത്.
കോൺഗ്രസും എസ് പി യും തമ്മിലുള്ള സഖ്യം ഇന്ത്യ മുന്നണിക്ക് ഗുണം ചെയ്തെന്നാണ് പൊതു വിലയിരുത്തൽ. മുസ്ലിം യാദവ വോട്ടുകൾ വലിയ രീതിയിൽ സമാഹരിക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞതും അയോദ്ധ്യ, പൗരത്വ ഭേദഗതി, നിയമം, മുത്തലാഖ് നിരോധനം തുടങ്ങിയ ഹിന്ദുത്വ അജണ്ട വിഷയങ്ങൾ എൻ ഡി എ ക്കെതിരായ ജന വികാരം ശക്തമാക്കുകയും ചെയ്തു.
അയോദ്ധ്യ ഉൾപെടുന്ന ഫൈസാ ബാദിലെ ബിജെപി യുടെ തോൽവി വർഗീയതയും ഫാസിസവും സമന്വയിപ്പിച്ച കേന്ദ്ര ഭരണത്തിന്നെതിരിലുള്ള ജന വികാരം തന്നെയായിരുന്നു. തനിച്ച് മത്സരിച്ച ബി എസ് പി ക്ക് സ്വാധീനം ഉറപ്പിക്കാൻ കഴിയാതെ പോയതും ഇന്ത്യ സഖ്യത്തിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം! റായ് ബലേറിയിൽ രാഹുൽ ഗാന്ധിയുടെയും കനൗജിൽ അഖിലേഷ് യാദവിന്റെയും വിജയം ഇന്ത്യ സഖ്യത്തിന് ആവേശം സൃഷ്ടിക്കുമ്പോൾ അമേഠിയിലെ സ്മൃതി ഇറാനിയുടെ ദയനീയ തോൽവി ബിജെപി കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.