ജെഡിഎസ് നേതാവും ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപിച്ച കുറ്റത്തിന് ബിജെപി നേതാവ് ദേവരാജെ ഗൗഡയെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് റെഡ്ഡി ദേവരാജെയെ ഏൽപ്പിക്കുകയായിരുന്നു.
ദേവരാജെ ഗൗഡയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഐ ടി നിയമപ്രകാരം എടുത്ത കേസിലാണ് ദേവരാജെ ഗൗഡയുടെ അറസ്റ്റ്. പ്രജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തെക്കുറിച്ച് ബിജെപി നേതൃത്വത്തിന് പരാതി നൽകിയത് ദേവരാജെ ആയിരുന്നു. ബിജെപി നേതൃത്വം ഇത് അവഗണിച്ചായിരുന്നു ജെഡിഎസുമായി സഖ്യമുണ്ടാക്കിയതും പ്രജ്വലിനെ ഹാസനിൽ പിന്തുണച്ചതും.
അതേസമയം, പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ ലൈംഗികാതിക്രമ കേസുകൾ നൽകാൻ സ്ത്രീകളെ നിർബന്ധിച്ചു എന്നാരോപിച്ച് ദേശീയ വനിതാ കമ്മിഷൻ രംഗത്തെത്തി. പോലീസുകാരെന്ന വ്യാജേന എത്തി പരാതിനൽകാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് വനിതാ കമ്മിഷൻ ആരോപിക്കുന്നത്.