ചെന്നൈ: പോക്സോ കേസിൽ തമിഴ്നാട് ബിജെപി സാമ്പത്തികവിഭാഗം അധ്യക്ഷൻ എം.എസ് ഷാ അറസ്റ്റിൽ. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്കൂൾവിദ്യാർഥിനിയായ മകളുടെ ഫോണിലേക്ക് ഷാ തുടർച്ചയായി അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്നും ലൈംഗികപീഡനത്തിന് ശ്രമിച്ചെന്നുമാണ് പരാതി.
കഴിഞ്ഞ വർഷമാണ് എം.എസ് ഷാക്കെതിരെ മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ വിദ്യാർഥിനിയുടെ അച്ഛൻ പരാതി നൽകിയത്. പരാതിക്കാരന്റെ ഭാര്യയുമായി ഷായ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നും തന്റെ ഭാര്യ ഇതിനുവേണ്ട സഹായം ചെയ്തുകൊടുത്തെന്നും പരാതിയിൽ പറയുന്നുണ്ട്. സാമ്പത്തികസഹായം നൽകിയും ഉപഹാരങ്ങൾ നൽകിയുമാണ് ഷാ തന്റെ ഭാര്യയുമായി അടുത്തതെന്ന് പരാതിക്കാരൻ പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസിൽ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഭാര്യക്കും ഷായ്ക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. ഇതിനെതിരെ ഷാ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹരജി നൽകിയിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി പൊലീസിന് അനുമതിനൽകി. പിന്നാലെ ഒളിവിൽ പോയ ഷാ തിങ്കളാഴ്ച പിടിയിലാകുകയായിരുന്നു.