ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മുഹമ്മദ്പൂരിന്റെ പേര് മാധവപുരം എന്നാക്കി ബിജെപി. ഗ്രാമാതിർത്തിയിൽ ബിജെപി പ്രവർത്തകർ മാധവപുരത്തിലേക്ക് സ്വാഗതം എന്ന ബോർഡ് സ്ഥാപിച്ചു. എന്നാൽ മുഹമ്മദ്പൂരിന്റെ പേര് മാറ്റിയിട്ടില്ലെന്നും അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ബിജെപി ഡൽഹി അധ്യക്ഷൻ അദേഷ് ഗുപതയുടെ സാന്നിധ്യത്തിലായിരുന്നു വാർഡ് കൗൺസിലർമാരും ബിജെപി പ്രവർത്തകരും ചേർന്ന് ബോർഡ് സ്ഥാപിച്ചത്. നാട്ടുകാരാണ് പേര് മാറ്റാനായി മുൻകൈ എടുത്തത് എന്നാണ് ബിജെപിയുടെ അവകാശവാദം.
അടിമത്വത്തിന്റെ പ്രതീകം വേണ്ടെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് പേര് മാറ്റിയതെന്ന് അദേഷ് ഗുപ്ത ട്വിറ്ററിൽ കുറിച്ചു. 40 ഗ്രാമങ്ങൾ മുഗൾ ഭരണകാലത്തെ പേര് മാറ്റാനായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ഗുപ്ത അവകാശപ്പെട്ടു.
അതേസമയം, പേര് മാറ്റവുമായി ബന്ധപ്പെട്ട് ദക്ഷിണ ഡൽഹി കോർപ്പറേഷൻ പാസാക്കിയ പ്രമേയം സംസ്ഥാന സർക്കാരിന്റെ പരിഗണയ്ക്ക് വേണ്ടി അയച്ചിരിക്കുകയാണെന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സർക്കാർ അധികൃതർ വ്യക്തമാക്കി.