കശ്മീർ മുതൽ കന്യാകുമാരി വരെയും മണിപ്പൂർ മുതൽ മഹാരാഷ്ട്ര വരെയും ബിജെപി യെ അധികാരത്തിൽ നിന്നും നിഷ്കാസിതരാക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എഐവൈഎഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മയ്ക്കൊപ്പം തൊഴിൽ മേഖലയിലെ അസന്ദിഗ്‌ധാവസ്ഥ, ഇന്ത്യൻ സമ്പദ് മേഖലയിലെ നീറുന്ന പ്രശ്നങ്ങൾ, രാജ്യം നേരിടുന്ന സാമൂഹിക അരാജകത്വം, നീതി നിഷേധം, മതേതരത്തിന് നേരെ ഉയരുന്ന വെല്ലുവിളി, അസമത്വം ഉൾപ്പെടെ ഇന്ത്യൻ യുവതയ്ക്കുമേൽ ഉയർന്നിരിക്കുന്ന വെല്ലുവിളികളാണ് കൺവെൻഷൻ ചർച്ച ചെയ്തത്. രാജ്യത്തെ യുവ ശബ്ദം, ഇന്ത്യൻ യുവജന ങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം ഉയർത്തിയാണ് എഐവൈഎഫ് ജവഹർ ഭവ നിൽ സെമിനാൽ സംഘടിപ്പിച്ചത്.
ഇന്ത്യ മുന്നണിയുടെ പ്രകടനപത്രികയിൽ രാജ്യത്തെ യുവജനങ്ങൾ ഇടംപിടിക്കണമെന്ന് കൺവെൻഷൻ്റെ രണ്ടാം ഘട്ടത്തെ അഭിസംബോധന ചെയ്യവെ രാജ്യസഭാ എംപിയും എഐവൈഎഫ് മുൻ ജനറൽ സെക്രട്ടറിയുമായ പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. ഇതിനായി സംഘടനാ ശ്രമം ശക്തമാക്കണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കോളനിവാഴ്ചയെ എതിർക്കാൻ മുന്നോട്ടുവന്നത് മാതൃകയാക്കി ആർഎസ്എസിനെ പരാജിതരാക്കാൻ രാജ്യത്തെ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനമാണ് കൺവെൻഷനെ അഭിസംബോധന ചെയ്ത ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അജയ് ഗഡ് വർത്തി മുന്നോട്ടു വച്ചത്.
എഐവൈഎഫ് ജനറൽ സെക്രട്ടറി തിരുമലൈ രാമൻ, ദേശീയ അധ്യക്ഷൻ സുഖ്‌ജീന്ദർ മഹേശ്വരി, ഐവൈസിയുടെ മനു ജയിൻ, ജെഎംഎം നേതാവും ലോക്സഭാംഗവുമായ വിജയ് ഹൻസദക്ക്, ഡിഎംകെ വിദ്യാർത്ഥി വിഭാഗം സെക്രട്ടറി എഴില രസൻ എംഎൽഎ, സിവൈഎസ്എസ് ദേശീയ കോഓർഡിനേറ്റർ അനുരാഗേന്ദ്ര കുമാർ നിഗം, എംഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ദുരൈ വൈക്കോ, എസ്പി യുവസംഘടനാ അധ്യക്ഷൻ മുഹമ്മദ് ഫഹദ് ഉൾപ്പെടെ ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷം യുവസംഘടനാ നേതാക്കളും സെമിനാറിൽ പങ്കെടുത്തു.