ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ബിജെപി തന്നെ ഉയർത്തിയാതോടെ പദയാത്ര ഗാനം സാമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായി. “അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ,” എന്ന ആഹ്വാനമുള്ള പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
പദയാത്രയുടെ ലൈവ് ടെലിക്കാസ്റ്റ് ചെയ്യുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്. ബിജെപിയുടെ ഏറ്റുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൻ ട്രോളിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ആദ്യമായാണ് സുരേന്ദ്രൻ ഒരു സത്യം പറയുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.