കൊച്ചി: വിശാഖപട്ടണം കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയ കേസിൽ കൊച്ചി കപ്പൽശാലയിലെ രണ്ട് മലയാളി ജീവനക്കാരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കൊച്ചി കപ്പൽശാലയിലെ വെൽഡർ കം ഫിറ്ററും ബിഎംഎസ് പ്രവർത്തകനുമായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേക് ശോഭനൻ, എറണാകുളം കടമക്കുടി സ്വദേശിയായ ട്രെയിനി എന്നിവരെയാണ് എൻഐഎ ഹൈദരാബാദ് യൂണിറ്റ് ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്.
ബുധൻ രാവിലെ മുതൽ ഉച്ചവരെ കൊച്ചി കൽപ്പശാലയിലും ജീവനക്കാരുടെ ക്വാർട്ടേഴ്സിലും എൻഐഎ പരിശോധന നടത്തിയശേഷമാണ് കസ്റ്റഡിയിലെടുത്തത്. വിശാഖപട്ടണം കേസിൽ അറസ്റ്റിലായ അസം സ്വദേശിയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. സമൂഹമാധ്യമ ത്തിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് വിശാഖപട്ടണം കപ്പൽശാലയിലെ സുപ്രധാന വിവരങ്ങൾ അസം സ്വദേശി കൈമാറിയെന്നാണ് കേസ്. 2021ൽ ആന്ധ്രയിലെ കൗണ്ടർ ഇന്റലിജൻസ് രജിസ്റ്റർചെയ്ത കേസ് ഏറ്റെടുത്ത എൻഐഎ ഹൈദരാബാദ് യൂണിറ്റ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി കപ്പൽശാലയിൽ നടത്തിയ അന്വേഷണത്തിൽ കരാർ തൊഴിലാളി മഞ്ചേരി സ്വദേശി പി ശ്രീനിഷിനെ 2023 ഡിസംബറിൽ അറ സ്റ്റ് ചെയ്തു. ‘ഏയ്ഞ്ചൽ പായൽ’ എന്ന ഫെയ്സ്ബുക് പേജിലേക്ക് ശ്രീനിഷ് പ്രതിരോധകപ്പലുകളുടെ ഉൾഭാഗത്തെ ദൃശ്യങ്ങളുൾപ്പെടെ കൈമാറിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.