പ്രൊ. വിശ്വമംഗലം സുന്ദരേശന്റെ സി അച്യുത മേനോന്റെ ജീവിത ചിത്രങ്ങൾ എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം
കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ സാന്നിധ്യം വിളിച്ചറിയിച്ച ഒന്നായിരുന്നു 1951-ൽ തിരു-കൊച്ചി നിയമസഭയിലേക്കു നടന്ന പൊതുതെരഞ്ഞെടുപ്പ്. ഒളിവിലായിരുന്ന സി അച്യുതമേനോൻ ആ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചു. പ്രബലരായ മൂന്ന് എതിരാളികൾ മത്സരരംഗത്തുണ്ടായി. ഡോ. എ ആർ മേനോൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രത്യക്ഷപ്പെട്ടു. പൊലീസ് കമ്മീഷണറായി റിട്ടയർ ചെയ്‌ത എ എൽ ദേവസ്സി കൊച്ചിൻ പാർട്ടി സ്ഥാനാർത്ഥിയായി. ആർ എം മനയ്ക്കലാത്ത് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി രംഗത്തു വന്നു. അതോടെ കടുത്തൊരു ചതുഷ്കോണമത്സരത്തിനു വേദിയൊരുങ്ങി.
അച്യുതമേനോനോടൊപ്പം വിയ്യൂർ ജയിലിൽ ഉണ്ടായിരുന്ന പി എം തോമസ് അച്യുതമേനോൻ്റെ തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് ആയി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ഒന്നരവർഷം ജയിൽവാസം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് പി എം തോമസ്. വിവിധ രംഗങ്ങളിലെ നൂറുകണക്കിനു തൊഴിലാളികൾ അച്യുതമേനോനെ ജയിപ്പിക്കാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. റിക്ഷാത്തൊഴിലാളികൾക്കും പീടികത്തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും പ്രിയപ്പെട്ട സ്വന്തം നേതാവായിരുന്നുവല്ലോ അച്യുതമേനോൻ. അച്യുതമേനോന്റെ എതിർസ്ഥാനർത്ഥികളാരും മോശക്കാരായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രചാരണത്തിൽ ഒരു കുറവും വരുത്തുവാൻ ആർക്കും കഴിയുമായിരുന്നില്ല. അന്ന് മണ്ഡലത്തിലാകെ മുഴങ്ങിക്കേട്ട ഈ വരികൾ അച്യുതമേനോന് അനുകൂലമായ വികാരതരംഗം സൃഷ്ടിക്കുകയുണ്ടായി.
‘കുടിലുകളിൽ കൂരകളിൽ
കൺമണിപോൽ സൂക്ഷിച്ചൊരു
ജനമുന്നണി നേതാവാ-
ണച്യുതമേനോൻ
കഥമാറും കളിമാറും
കേരളമിതു പറയുന്നു
ജനമുന്നണി നേതാവെ
തൊട്ടുകളിച്ചാൽ,
കഥമാറും കളിമാറും
കേരളമിതു പറയുന്നു
ഖദറിൻ കൊടി സിംഹാസന-
മറബിക്കടലിൽ.’
അന്നത്തെ ജനപ്രിയ പുരോഗമനകവി പൊൻകുന്നം ദാമോദരനാണ് ഈ വരികൾ കുറിച്ചത്. ഈ വരികൾ ആ മണ്ഡലത്തിലെ ജനങ്ങൾ മാത്രമല്ല ഹൃദിസ്ഥമാക്കിയത്. ക്രമേണ നിയോജകമണ്ഡലത്തിന്റെ അതിരുകൾ ഭേദിച്ചും ആ പ്രതിജ്ഞാവാചകം പ്രതിധ്വനിക്കുകയുണ്ടായി. കഴഞ്ചും അയവു അനുവദിക്കാതെ നടത്തിയ പ്രചാരണപ്രവർത്തനത്തിനു ഫലമുണ്ടായി. മുന്നൂറു വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അച്യുതമേനോൻ വിജയിക്കുകയുണ്ടായി.
പാടുപെട്ടു നേടുന്ന വിജയത്തിനു മാധുര്യം കൂടും. അച്യുതമേനോന്റെ തെരഞ്ഞെടുപ്പു വിജയത്തിന് അതുണ്ടായിരുന്നു. വിജയാഹ്ലാദപ്രകടനത്തിൽ അത് പ്രതിഫലിക്കുകയും ചെയ്‌തു. അച്യുതമേനോന്റെ കൂറ്റൻ ഛായാചിത്രവുമായി നീങ്ങിയ ഘോഷയാത്രയിൽ അനേകായിരങ്ങൾ പങ്കെടുത്തു. വിജയിച്ച സ്ഥാനാർത്ഥി ഒളിവിലായിരുന്നതുകൊണ്ട് ഛായാചിത്രത്തിനു പ്രസക്തിയേറുന്നു. പ്രകടനം പടിഞ്ഞാറെക്കോട്ടയിലെത്തുമ്പോൾ എവിടെനിന്നെന്നറിയില്ല, ‘മാനത്തീന്നെങ്ങാനും പൊട്ടിവീണോ’ എന്നു തോന്നുമാറ് അച്യുതമേനോൻ ഘോഷയാത്രയുടെ ഭാഗമായി. ക്രമസമാധാനപാലനം മുൻനിർത്തി ഘോഷയാത്രയ്ക്ക് അകമ്പടിയായി ഉണ്ടായിരുന്ന പൊലീസ് ധർമ്മസങ്കടത്തിലായി. കസ്റ്റഡിയിലെടുക്കാനായി അന്വേഷിച്ചുനടന്ന വ്യക്തി കൈപ്പാട് അകലത്തിൽ തന്നെയുണ്ട്; എങ്കിലും അറസ്റ്റു ചെയ്യാനാവില്ല. ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്യുന്നത് ബുദ്ധിപൂർവകമാവില്ലെന്നു പൊലീസിനു തോന്നിയിട്ടുണ്ടാവാം. പൊലീസിന്റെ ധർമ്മസങ്കടം അനുമാനിക്കാവുന്നതേയുള്ളൂ. പൊലീസ് പാലിച്ച സംയമനം ഉചിതമായി. ഘോഷയാത്ര അവസാനിച്ചു. ജനങ്ങൾ പിരിഞ്ഞുപോയി. അച്യുതമേനോൻ നേരെ പോയത് സ്വന്തം വീട്ടിലേക്കാ യിരുന്നു. പൊലീസ് അവിടെ എത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി.