പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തിരക്കില്‍പ്പെട്ട് പരുക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജിനാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം കുട്ടി അബോധാവസ്ഥയിലാണെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
പുഷ്പ 2 റിലീസ് ദിന തലേന്ന് ഡിസംബർ നാലാം തീയതിയാണ് പല തിയേറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയത്. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരുക്കേറ്റിരുന്നു. തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു.
അതിനിടെ, അപകടത്തില്‍ സന്ധ്യ തിയേറ്ററിന് ഹൈദരബാദ് പൊലീസ് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. അല്ലു അർജുൻ എത്തുമെന്ന് പൊലീസിനെ അറിയിച്ചില്ല. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനും ക്രമീകരണം ഉണ്ടായിരുന്നില്ല. അനധികൃതമായി ഫ്ളക്സുകൾ സ്ഥാപിച്ച് തടസ്സം ഉണ്ടാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കൽ നോട്ടീസ്. 10 ദിവസത്തിനകം വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.