കരുനാഗപ്പള്ളി: ഇൻഡ്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രംഗത്ത്. ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രിജ് ഭൂഷന്റെ പ്രതീകാത്മക കോലം കടലിൽ എറിഞ്ഞു.
ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കാൻ എത്തിയ സമയത്ത് തന്നെയാണ് എഐവൈഎഫ് പ്രവർത്തകർ അഴീക്കൽ ബീച്ചിൽ ബ്രിജ് ഭൂഷന്റെ പ്രതീകാത്മക കോലവും ഒഴുക്കിയത്. അഴീക്കൽ ബീച്ചിൽ സംഘടിപ്പിച്ച ക്യാമ്പയിൻ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം യു കണ്ണൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം രശ്മി അംജിത്ത് സ്വാഗതം പറഞ്ഞു. അജാസ് എസ് പുത്തൻപുരയിൽ, എം അൻസർ ജമാൽ, സജിത എസ്, ഗൗതംകൃഷ്ണ, ജിഷ്ണു, മുകേഷ്, സിയാദ്, അമർജിത്ത്, ഗോകുൽ, കണ്ണൻ, വിഷ്ണു, ജിത്തു ആർ ബി തുടങ്ങിയവർ നേതൃത്വം നൽകി.